തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ കേരളം അതേപടി നടപ്പാക്കില്ലെന്ന് സംസ്ഥാന തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
കേരളത്തില്‍ ലേബര്‍ കോഡുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തും. വിശദമായി പഠനങ്ങള്‍ നടത്തി അഭിപ്രായങ്ങള്‍ തേടിയതിന് ശേഷം മാത്രം തീരുമാനമെടുക്കുകയുള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ, ഡിസംബര്‍ 19ന് തിരുവനന്തപുരത്ത് ദേശീയ ലേബര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയന്‍ പ്രതിനിധികളും നിയമവിദഗ്ധരും പരിപാടിയില്‍ പങ്കെടുക്കും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ തൊഴില്‍ മന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമെ ഏത് നിയമവും നടപ്പാക്കൂ. കേരളം ഒഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ലേബര്‍ കോഡ് അനുസരിച്ച് ചട്ടം തയ്യാറാക്കി കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ 29 തോഴില്‍ നിയമങ്ങളെ ക്രോഡീകരിച്ചുണ്ടാക്കിയ നാല് ലേബര്‍ കോഡ് എന്നിവ 2025 നവംബര്‍ 21 മുതല്‍ പ്രാബല്യത്തിലായതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.
2019ല്‍ കേന്ദ്രം ലേബര്‍ കോഡുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങിയത് മുതല്‍ കേരളം എതിര്‍പ്പ് അറിയിച്ചിരുന്നു. ലേബര്‍ കോഡുകള്‍ നടപ്പാക്കാനായി 2020ല്‍ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനത്തിന് മേല്‍ സമ്മര്‍ദമുണ്ടായി. ഇതിന്റെ ഭാഗമായി കരട് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുകയും അഭിപ്രായം തേടുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ കോഡുകള്‍ ഏകപക്ഷീയമായി നടപ്പിലാക്കാന്‍ കേരളം തയ്യാറായില്ല. അതുമായി ബന്ധപ്പെട്ട് 2022 ജൂലൈ രണ്ടിന് തിരുവനന്തപുരത്ത് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, ഈ രംഗത്തെ വിദഗ്ധര്‍ എന്നിവരെ പങ്കെടുപ്പിച്ച് ഒരു ശില്‍പശാല നടത്തി. അന്ന് തൊഴിലാളി യൂണിയനുകളെല്ലാം ഈ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡിനെതിരെ നിലപാടെടുത്തു.
തുടര്‍ന്ന് സംസ്ഥാനം തുടര്‍ നടപടികള്‍ കൈക്കൊള്ളേണ്ടെന്ന് തൊഴില്‍ മന്ത്രിയെന്ന നിലയില്‍ താന്‍ നിര്‍ദേശം നല്‍കി. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ വിഷയത്തില്‍ ഒരു നടപടിയുമെടുത്തില്ല. ഇക്കാര്യം ലേബര്‍ കോഡിനെതിരായ സര്‍ക്കാരിന്റെ കടുത്ത നിലപാടിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും തൊഴില്‍മന്ത്രിമാര്‍ പങ്കെടുത്ത ദല്‍ഹിയില്‍ നടന്ന യോഗത്തിലും താന്‍ പങ്കെടുത്തു. അന്ന് തൊഴില്‍ വിരുദ്ധ വ്യവസ്ഥകള്‍ കേന്ദ്ര തൊഴില്‍ മന്ത്രിക്ക് മുന്നില്‍ ചൂണ്ടിക്കാണിച്ചു. കേരളത്തിന്റെ എതിര്‍പ്പ് അറിയിച്ചു. കേരളം ഉന്നയിച്ച പ്രകാരം ട്രേഡ് യൂണിയന്റെ യോഗം വിളിച്ചുചേര്‍ക്കാമെന്ന് കേന്ദ്രമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പിന്നീട് അത്തരത്തിലൊരു നീക്കവും നടത്താതെ പൊടുന്നനെയാണ് ലേബര്‍ കോഡുകള്‍ പ്രാബല്യത്തിലാക്കി കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കേന്ദ്ര തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ അടിയന്തര യോഗം നാളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇവരുടെ തീരുമാനമറിഞ്ഞതിന് ശേഷം മാത്രമെ തുടര്‍നടപടി സ്വീകരിക്കൂവെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ദേശീയ ലേബര്‍ കോണ്‍ക്ലേവ് ഡിസംബര്‍ 19ന് സംഘടിപ്പിക്കും. രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയന്‍ പ്രതിനിധികളും നിയമവിദഗ്ധരും പരിപാടിയില്‍ പങ്കെടുക്കും. ബി.ജെ.പി അതര സംസ്ഥാനങ്ങളിലെ തൊഴില്‍ മന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമെ ഏത് നിയമവും നടപ്പാക്കൂ. കേരളം ഒഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ലേബര്‍ കോഡ് അനുസരിച്ച് ചട്ടം തയ്യാറാക്കി കേന്ദ്രത്തിന് അയച്ചിട്ടുണ്ട്.
ഈ സാഹചര്യം മുഖ്യമന്ത്രിയുമായി ഇന്ന് (ബുധനാഴ്ച)രാവിലെ ചര്‍ച്ച ചെയ്തു. തൊഴില്‍ വകുപ്പിന്റെ നിലപാടിനൊപ്പം മുന്നോട്ട് പോവാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയെന്നും ശിവന്‍കുട്ടി അറിയിച്ചു.
Content Highlight: Kerala to strongly oppose the Labor Code; Discussion with trade unions tomorrow; Labor conclave in December with participation of non-BJP labor ministers