തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക സമ്പത്തിന്റെയും ഭക്ഷ്യസംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമായ കിഴങ്ങുവിള കൃഷി വ്യാപിപ്പിക്കാന്‍ ‘ന്യൂട്രി ട്യൂബര്‍ കേരളം’ എന്ന സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്.
ഭക്ഷ്യ-പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും കിഴങ്ങുവിള കൃഷിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിഴങ്ങുവിള കൃഷിയുടെ വ്യാപനം, ഉല്‍പ്പാദന വര്‍ധന, മൂല്യവര്‍ധന, വിപണനം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുക. കൃഷിഭവനുകള്‍, കര്‍ഷകര്‍, ആദിവാസി ഗോത്രമേഖലകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃഷി വ്യാപിപ്പിക്കും. കിഴങ്ങുവിളകളുടെ സംസ്‌കരണം, വിപണനം, കയറ്റുമതി എന്നിവയ്ക്കുള്ള സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ജീവിതശൈലീ രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയണം.
പരമ്പരാഗത ഭക്ഷണരീതികളില്‍ കിഴങ്ങുവിളകള്‍ക്കുണ്ടായിരുന്ന സ്ഥാനം വീണ്ടെടുക്കേണ്ടതുണ്ട്. ‘എന്റെ ഭക്ഷണം, എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഓരോ മലയാളിയും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകാര്യത്തെ ഐ.സി.എ.ആര്‍.-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (സി.ടി.സി.ആര്‍.ഐ.), ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ റൂട്ട് ക്രോപ്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച സംസ്ഥാന കിഴങ്ങുവിള ദിനം 2026-ന്റെ ഭാഗമായാണ് മന്ത്രിയുടെ പ്രഖ്യാപനം.
Content Hughlight: Kerala to Launch ‘Nutri Tuber Kerala’ Scheme to Expand Tuber Crop Cultivation: Minister T. Siddique