| Saturday, 12th July 2025, 12:08 pm

കീം; സുപ്രീം കോടതിയെ സമീപക്കാനൊരുങ്ങി കേരള സിലബസുകാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കീം വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച് കേരള സിലബസ് വിദ്യാർത്ഥികൾ. കീം റാങ്ക് പട്ടിക തിരുത്തിയതോടെ പലരുടെയും റാങ്ക് വലിയ രീതിയിൽ ഇടിഞ്ഞിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.

സുപ്രിം കോടതിയിൽ അപ്പീൽ നൽകുന്നതുവരെയെങ്കിലും കീം പ്രവേശന പ്രക്രിയ നിർത്തിവയ്ക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് ഗവർണർക്ക് കുട്ടികൾ കത്തെഴുതിയിട്ടുണ്ട്. മന്ത്രിമാരെയും എം.എൽ.എമാരെയും നേതാക്കളെയും സമീപിച്ചിട്ടുമുണ്ട്.

പുറത്തിറക്കിയ പുതിയ റാങ്ക് പട്ടികയിൽ 2025ൽ പ്ലസ് ടു എഴുതിയ കേരള സിലബസ് വിദ്യാർഥിക്ക് ഒരു സ്കോർ നഷ്ടപ്പെടുകയും സി.ബി.എസ്.ഇക്കാർക്ക് 20 സ്കോർ കൂടുകയും ചെയ്തു. 2024ൽ പരീക്ഷ എഴുതിയ കേരള സിലബസ് വിദ്യാർഥിക്ക് നഷ്ടം 27 സ്കോറാണ്. സി.ബി.എസ്.ഇക്കാർക്ക് കൂടിയത് എട്ടും. ഈ വർഷക്കാർക്ക് 21 മാർക്കിന്റെ വിവേചനം നേരിടേണ്ടിവരുമ്പോൾ മുൻവർഷം പ്ലസ്‌ടു കഴിയുകയും കീം റിപ്പീറ്റ് ചെയ്യുകയും ചെയ്തവർക്ക് 35 സ്കോറിൻ്റെ വിവേചനമാണ് നേരിടേണ്ടി വരിക.

റാങ്ക് പട്ടികയിൽ ആദ്യത്തെ 3000ത്തിലെങ്കിലും വന്നാലേ സംസ്ഥാനത്തെ മെച്ചപ്പെട്ട കോളജുകളിൽ പ്രവേശനം ലഭിക്കൂ. പ്രധാന ബ്രാഞ്ചുകളിലാണെങ്കിൽ ഇതും പോരാ. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ തന്നെ കെ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ രണ്ട് ഗവ. കോളജുകളും മൂന്ന് എയ്‌ഡഡ് കോളജുകളുമാണുള്ളത്. 35,000 മുതൽ 1,50,000 രൂപ വരെയാണ് സ്വാശ്രയ കോളജ് ഫീസ്. പ്രവേശന പരീക്ഷയുടെ സ്കോറിനൊപ്പം പ്ലസ് ടു പരീക്ഷയുടെ സ്കോർ പരിഗണിക്കുമ്പോൾ 21 മുതൽ 35 വരെ സ്കോറുകളുടെ കുറവ് കാരണം പ്രധാന കോളജുകളിൽ പ്രവേശനം ലഭിക്കാതെ വരും.

ഏതാനും വർഷങ്ങളായി കേരള സിലബസ് വിദ്യാർഥികൾ സ്കോർ സമീകരണത്തിലൂടെ പിറകിലാവുന്നുണ്ടെങ്കിലും ഇത്രയേറെ അത് വ്യക്തമായിരുന്നില്ല. ഇക്കുറി പുതിയ ഫോർമുല പ്രകാരം വിവേചനമില്ലാത്ത സ്കോറും പഴയ ഫോർമുലവച്ച് സമീകരിച്ച സ്കോറും പുറത്ത് വന്നതോടെ ഓരോ വിദ്യാർഥിക്കും സമീകരണപ്രക്രിയയിലൂടെ തങ്ങൾ എത്രമാത്രം പിറകോട്ട് പോകുന്നുവെന്ന് തിരിച്ചറിയുന്ന അവസ്ഥയുണ്ടായി.

അതേസമയം കീം വിഷയത്തിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കീമിലെ വിവേചനം ഇല്ലാതാക്കാനാണ് പുതിയ ഫോർമുല ഉപയോഗിച്ചതെന്നും വിവേചനം സംസ്ഥാന ബോർഡിന്റെ കീഴിൽ പഠിച്ച കുട്ടികൾക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അടുത്ത വർഷം കീമിന്റെ പ്രോസ്പെക്ടസിൽ പരിഷ്കാരം നേരത്തെ ഉൾപ്പെടുത്തുമെന്നും പിന്നെ നിയമപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

കീം മാർക്ക് ഏകീകരണത്തിനായി പുതിയ ഫോർമുല ഉപയോഗിച്ചായിരുന്നു ഇത്തവണ റിസൾട്ട് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ സി.ബി.എസ്.ഇ-കേരള സിലബസ് മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ ഫോര്‍മുല കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം, വെയിറ്റേജ് മാനദണ്ഡങ്ങള്‍ മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
അപ്പീൽ കൊടുത്തെങ്കിലും മേൽക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ശരി വെക്കുകയാണുണ്ടായത്.

Content Highlight: Kerala Syllabus Students going to approach Supreme Court for correction of KEEM rank list

We use cookies to give you the best possible experience. Learn more