കേരള സൂപ്പര്‍ ലീഗ് രണ്ടാം സീസണ് കൊടിയേറാന്‍ ഇനി കുറച്ചുനാളുകള്‍ മാത്രമാണ് ബാക്കി. ആദ്യസീസണിലേത് പോലെ വാശിയേറിയ മത്സരമായിരിക്കും രണ്ടാം സീസണിലും കാണാന്‍ സാധിക്കുകയെന്ന് ഉറപ്പാണ്. ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും കേരള സൂപ്പര്‍ ലീഗ് ലൈവായി നിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ മികച്ച പ്രൊമോഷനാണ് നടത്തുന്നത്.
ഇതുവരെ പുറത്തിറങ്ങിയ രണ്ട് പ്രൊമോ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ആദ്യ സീസണില്‍ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയുടെ ഉടമ ബേസില്‍ ജോസഫാണ് പ്രൊമോയിലെ താരം. എതിരാളികളായ ടീമിന്റെ ഉടമകളെ ഫോണ്‍ ചെയ്ത് തങ്ങള്‍ ചാമ്പ്യന്മാരാണെന്ന കാര്യം ഓര്‍മപ്പെടുത്തുന്നതാണ് വീഡിയോകളുടെ ഹൈലൈറ്റ്.
എന്നാല്‍ വെക്കുന്ന വെടികള്‍ തിരിച്ചടിക്കുന്ന അവസ്ഥയാണ് രണ്ട് വീഡിയോയിലും ബേസിലിനുള്ളത്. ആദ്യ വീഡിയോയില്‍ പൃഥ്വിരാജിനോട് സംസാരിക്കാന്‍ ഗൗരവത്തില്‍ പ്രാക്ടീസ് ചെയ്യുന്നതും എന്നാല്‍ പൃഥ്വി ഫോണെടുത്തതിന് ശേഷം ബേസിലിന്റെ ധൈര്യം ചോര്‍ന്നുപോകുന്നതുമാണ് വീഡിയോയുടെ ഹൈലൈറ്റ്.
രാജമൗലിയുടെ സെറ്റിലാണോ എന്ന് ബേസില്‍ ചോദിക്കുമ്പോള്‍ ‘അല്ല, ഞാന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സേസെയുമായി ഡിസ്‌കഷനിലാണ്’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹീറോയിലെ ‘ഫുള്‍ ചാര്‍ജായി’ എന്ന ഡയലോഗ് പൃഥ്വിക്കെതിരെ ബേസില്‍ പ്രയോഗിക്കുമ്പോള്‍ ‘നിന്റെ ഫ്യൂസ് ഊരാന്‍ ഇത്തവണ വരുന്നുണ്ട്’ എന്ന് പൃഥ്വി മറുപടി നല്‍കുന്നുണ്ട്.
ആദ്യ വീഡിയോയുടെ അതേ ഫണ്‍ മീറ്ററിലാണ് രണ്ടാമത്തെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണ തിരുവനന്തപുരം എഫ്.സിയുടെ ഉടമകളില്‍ ഒരാളായ ശശി തരൂരിനെയാണ് ബേസില്‍ ഫോണ്‍ ചെയ്യുന്നത്. ഇംഗ്ലീഷില്‍ ഡയലോഗ് പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിലും ശശി തരൂരിന്റെ കടുകട്ടി ഇംഗ്ലീഷിന് മുന്നില്‍ കീഴടങ്ങാനായിരുന്നു ബേസിലിന്റെ വിധി.
പോപ് കള്‍ച്ചര്‍ റഫറന്‍സുകള്‍ എല്ലാം ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം പ്രൊമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലായിരിക്കുകയാണ്. ബേസിലും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ശശി തരൂരുമെല്ലാം ഇനി ഗ്രൗണ്ടില്‍ ഏറ്റുമുട്ടാനുള്ള വാശിയിലാണ്. ഒക്ടോബര്‍ രണ്ടിനാണ് സീസണ്‍ ടു ആരംഭിക്കുന്നത്.
Content Highlight: Kerala Super League season 2 promo viral with Basil Joseph and Sasi Tharoor