| Sunday, 1st March 2026, 2:22 pm

ആദ്യദിവസം 3500, രണ്ടാം ദിവസം 25000, കേരളത്തില്‍ ഒരു ലക്ഷം പോലും കളക്ഷന്‍ നേടാനാകാതെ കേരള സ്‌റ്റോറി 2

അമര്‍നാഥ് എം.

കേരളത്തെ താറടിച്ചുകാണിക്കാനും വ്യാജ പ്രൊപ്പഗണ്ടകള്‍ പടച്ചുവിടാനും വേണ്ടി പുറത്തിറക്കിയ ബോളിവുഡ് ചിത്രമാണ് കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്. 2023ല്‍ റിലീസായ ചിത്രത്തിന്റെ സീക്വലാണ് ഇപ്പോള്‍ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കേരളത്തെ മോശമായി ചിത്രീകരിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടപെട്ട് റിലീസിന് സ്റ്റേ പുറപ്പെടുവിച്ചെങ്കിലും അര്‍ധരാത്രി ഡിവിഷന്‍ ബെഞ്ച് കോടതി കൂടി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. കേരളത്തില്‍ പലയിടത്തും ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞത് വലിയ വാര്‍ത്തയായി. ഇപ്പോഴിതാ രണ്ട് ദിവസം കൊണ്ട് കേരള സ്‌റ്റോറി 2 കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ആദ്യദിനം വെറും 3500 രൂപ മാത്രമായിരുന്നു ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. രണ്ടാം ദിവസവും ഒരു ലക്ഷം പോലും നേടാനാകാത്ത സ്ഥിതിയാണ് കേരള സ്‌റ്റോറി 2ന്. കാണാനാളില്ലാത്തതിനാല്‍ പലയിടത്തും ഷോ ക്യാന്‍സല്‍ ചെയ്യേണ്ട അവസ്ഥയായിരുന്നു രണ്ട് ദിവസവും. അവധി ദിനമായ ഞായറാഴ്ച പോലും ബുക്ക്‌മൈഷോ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ കേരള സ്‌റ്റോറി ഗ്രീന്‍ ഫോറസ്റ്റായി കിടക്കുകയാണ്.

കേരളത്തിന് പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയില്ലെന്നാണ് ട്രാക്കര്‍മാര്‍ സൂചിപ്പിക്കുന്നത്. ചെന്നൈ, ബെംഗളൂരു, മുംബൈ, ദല്‍ഹി എന്നിവിടങ്ങളിലെല്ലാം ആയിരത്തിലേറെ ഷോയുണ്ടെങ്കിലും പലതും ആളില്ലാത്തതിനാല്‍ ക്യാന്‍സല്‍ ചെയ്യുകയാണ്. 2.7 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശടക്കം പല സംസ്ഥാനങ്ങളിലും ടാക്‌സ് ഇളവ് ലഭിച്ച് 300 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കേരള സ്‌റ്റോറിയുടെ ആദ്യ ഭാഗം. കര്‍ണാടക ഇലക്ഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സ്‌റ്റോറിയെ പ്രചരണായുധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തെ എല്ലാവരും അവഗണിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ആദ്യഭാഗത്തിന്റെ നിര്‍മാതാവായ വിപുല്‍ അമൃത്‌ലാല്‍ ഷായാണ് രണ്ടാം ഭാഗവും നിര്‍മിച്ചത്. കാമാഖ്യാ നാരായണ്‍ സിങ്ങാണ് ചിത്രത്തിന്റെ സംവിധായകന്‍. ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിങ്ങള്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങളെല്ലാം കേരള സ്റ്റോറി 2ലുണ്ട്. ബംഗാള്‍ ഫയല്‍സിന് ശേഷം സംഘപരിവാറിന്റെ മറ്റൊരു പ്രൊപ്പഗണ്ട ചിത്രം കൂടി ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

Content Highlight: Kerala Story 2 has disastrous opening in Kerala Box Office

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more