| Thursday, 26th February 2026, 2:45 pm

കേരള സ്റ്റോറിക്ക് ഹൈക്കോടതിയുടെ സ്റ്റേ; സെൻസർ ബോര്‍ഡ് വീണ്ടും സിനിമ കാണും

രാഗേന്ദു. പി.ആര്‍

കൊച്ചി: ‘ദി കേരള സ്റ്റോറി 2’വിന്റെ നിര്‍മാതാവിന് വീണ്ടും തിരിച്ചടി. സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്ക് സിനിമയുടെ റിലീസ് സ്റ്റേ ചെയ്തിരിക്കുകയാണ്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ.

സിനിമ നാളെ (ഫെബ്രുവരി 27) റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍. സെന്‍സര്‍ ബോര്‍ഡ് സിനിമ വീണ്ടും കാണണമെന്നും പരാതിക്കാരുടെ ആശങ്കകള്‍ പരിശോധിക്കണെമന്നും കോടതി നിര്‍ദേശിച്ചു.

ഇന്നലെ (ബുധന്‍) കേസിലെ വാദം തീരും വരെ സിനിമ റിലീസ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.

ട്രെയിലറില്‍ ഉള്‍പ്പെടെ കേരളത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ കാണിക്കുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജി നല്‍കിയത്.

പ്രസ്തുത ഹരജി പരിഗണിച്ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച്, സിനിമ നേരിട്ട് കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ നിര്‍മാതാക്കള്‍ അവസരം ഒരുക്കിയില്ലെന്നും പറഞ്ഞു.

സിനിമയുടെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹരജികള്‍ നിലനില്‍ക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

സിനിമ കോടതി കാണുന്നതിന് നിര്‍മാതാവ് എതിര്‍പ്പ് അറിയിച്ചിരുന്നു. സിനിമ കണ്ട് വിലയിരുത്താനുള്ള അവകാശം സെന്‍സര്‍ ബോര്‍ഡിന് മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നതെന്നും നിര്‍മാതാവ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം. നേരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസര്‍ പിന്‍വലിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

നിര്‍മാതാക്കള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ടീസര്‍ പുറത്തിറക്കിയതെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചതിന് പിന്നാലെയായിരുന്നു കോടതി ഉത്തരവ്.

Content Highlight: Kerala Story 2 gets stay from HC; Censor Board to watch the film again

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more