| Sunday, 10th August 2025, 9:10 am

മമ്മൂക്ക തൂക്കുമോ? കടുത്ത മത്സരവുമായി ആസിഫും; സ്റ്റേറ്റ് അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പുരസ്‌കാര ജേതാക്കള്‍ ആരെല്ലാമായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ ആരായിരിക്കും ഇത്തവണ പുരസ്‌കാര ജേതാക്കളാവുക എന്ന ചര്‍ച്ചകള്‍ സജീവമാണ്. ഭ്രമയുഗത്തിലെ ചാത്തനായ മമ്മൂട്ടി ഇത്തവണയും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കുമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മമ്മൂട്ടിക്ക് കടുത്ത മത്സരവുമായി ആസിഫ് അലിയും വിജയരാഘവനും കൂടെയുണ്ട്.

ഓരോ നടന്മാരുടെയും ഗംഭീര പെര്‍ഫോമന്‍സിന് സാക്ഷ്യം വഹിച്ച വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്. കഴിഞ്ഞ വര്‍ഷം ആസിഫ് അലിയുടേതായി തലവന്‍, അഡിയോസ് അമീഗോ, ലെവല്‍ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം എന്നിങ്ങനെ അനവധി മികച്ച ചിത്രങ്ങള്‍ പിറന്നിരുന്നു. ഈ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ കരിയറിലെ ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ആസിഫിന് സ്വന്തമാക്കാന്‍ കഴിയുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്.

കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിലൂടെത്തന്നെയാണ് വിജയരാഘവനും മത്സര രംഗത്തേക്ക് എത്തുന്നത്. ഒരു കട്ടില്‍ ഒരു മുറി, കിഷ്‌കിന്ധാ കാണ്ഡം, റൈഫിള്‍ ക്ലബ്ബ് തുടങ്ങിയ സിനിമകളും പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന സീരീസും അദ്ദേഹത്തിന്റേതായി 2024ല്‍ പുറത്തിറങ്ങി. ഭ്രമയുഗം, ടര്‍ബോ, അബ്രഹാം ഓസ്‌ലര്‍, യാത്ര 2, മനോരഥങ്ങള്‍ എന്നിവയായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍. 2023ല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കാതലിലെ മമ്മൂട്ടിയും ആടുജീവിതത്തില്‍ പൃഥ്വിയും ഇഞ്ചോടിഞ്ച് മത്സരിച്ചപ്പോള്‍ വിജയിച്ചത് ആടുജീവിതത്തിലെ നജീബായിരുന്നു.

കഴിഞ്ഞ വര്‍ഷം മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഉള്ളൊഴുക്കിലൂടെ ഉര്‍വശിയായിരുന്നു. ഈ വര്‍ഷം സൂക്ഷ്മദര്‍ശിനിയിലെ പ്രകടനത്തിന് നസ്രിയ നസീമും തീയേറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റി എന്ന സിനിമയിലൂടെ റിമയുടെ പേരും മികച്ച നടിക്കായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ആരായിരിക്കും പുരസ്‌കാര ജേതാക്കളാകുകയെന്ന് കാത്തിരുന്ന് കാണാം.

Content Highlight: Kerala State Film Award Announcement Today

We use cookies to give you the best possible experience. Learn more