തിരുവനന്തപുരം: കേരളം ഫലസ്തീനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലസ്തീൻ അംബാസിഡർ അബ്‌ദുല്ല അബു ഷാവേഷുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഐക്യദാർഢ്യം അറിയിച്ചത്. യു.എസിന്റെ പിന്തുണയിൽ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് ഫലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രഈൽ നിഷേധിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളമെന്നും മുഖ്യമന്തി കൂട്ടിച്ചേർത്തു. ഗസയിൽ ഇസ്രഈൽ നടത്തുന്ന അധിനിവേശത്തിന്റെയും പ്രശ്നങ്ങളുടെയും സന്ദർഭത്തിൽ കേരളം നൽകുന്ന പിന്തുണ മഹത്തരമാണെന്നും ലോകമെമ്പാടുനിന്നും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അബ്‌ദുല്ല അബു ഷാവേഷ് പറഞ്ഞു.
ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസരിച്ച് കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ട് ഫലസ്തീനെ രാഷ്ട്രമാക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ചായിരുന്നു ഫലസ്തീൻ അംബാസിഡർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിന്റെ ഭാഗമായാണ് ഫലസ്തീൻ അംബാസിഡർ കേരളത്തിൽ എത്തിയത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്. പരിപാടിയിൽ ഗസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരവേകുന്ന ബിഗ് സല്യൂട്ട് ഫോട്ടോ എക്സിബിഷനും സംഘടിപ്പിച്ചിരുന്നു.
നേരത്തെ കോഴിക്കോട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസിലും അബ്‌ദുള്ള അബു ഷാവേഷ് പങ്കെടുത്തിരുന്നു.
Content Highlight: Kerala stands with Palestine, says Chief Minister Pinarayi Vijayan