സംഭാഷണം/ ടി പി ദാസന്‍
സ്‌പോര്‍ട്‌സിനെ കേരളത്തില്‍ പാഠ്യ പദ്ധതിയുടെ ഭാഗമായി അംഗീകരിച്ചു കഴിഞ്ഞു. അടുത്ത ജൂണില്‍ അധ്യയന വര്‍ഷം തുടങ്ങുന്നതോടെ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ കായിക രംഗത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാന്‍ കഴിയുന്നതാണ് ഈ നീക്കമെന്നാണ് സര്‍ക്കാറും സ്‌പോര്‍ട്‌സ് കൗണ്‍സിലും പറയുന്നത്. കേരളത്തിലെ കായിക രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ചും കായിക പാഠ്യപദ്ധതിയെക്കുറിച്ചും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി പി ദാസന്‍
കേരള ഫ്ളാഷ് ന്യൂസുമായി സംസാരിക്കുന്നു.
കായിക രംഗത്ത് കേരളം അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഏറെക്കാലമായി ചര്‍ച്ചകള്‍ നടക്കുന്നു. കായിക മേളകള്‍ നടക്കുന്നുണ്ട്. പക്ഷെ കേരളത്തിന്റെ മുക്കുമൂലകളില്‍ നിന്ന് പ്രതിഭകളെ കണ്ടെത്താന്‍ കഴിയുന്നില്ല. ഭാഗ്യമുള്ളവന്‍ എത്തിപ്പെടുന്ന അവസ്ഥയാണ്. ഇതിനെ എങ്ങിനെ മറികടക്കാനാണ് ഉദ്ദേശിക്കുന്നത്?
കായിക രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങളാണ് ആവശ്യം. കുറെ മേളകള്‍ നടത്തിയത് കൊണ്ട് കാര്യമില്ല. അതിനാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രധാനമായും ശ്രമിച്ചത്. കുട്ടികള്‍ പഠിപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം, കളിച്ചാല്‍ നന്നാവില്ല, മത്സരിച്ച് ജയിക്കാന്‍ കഴിയില്ല, അതിനാല്‍ കളിയിലൊന്നും കാര്യമായി പങ്കെടുക്കേണ്ട; ഈ ധാരണായാണ് രക്ഷിതാക്കളില്‍ പൊതുവെയുള്ളത്. ഇത് ഒരു അബദ്ധ ധാരണയാണ്. ഇത് മാറ്റലാണ് പ്രധാനമായ ലക്ഷ്യം. മത്സരം സ്‌പോര്‍ട്‌സിന്റെ ഒരു ഭാഗം മാത്രമാണ്. ഇത് എല്ലാരും മറക്കുകയാണ്. ഇത് മാറ്റാനാണ് സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയെന്ന ആശയം നടപ്പാക്കിയത്. 50 വര്‍ഷം മുമ്പ് തന്നെ അവതരിപ്പിക്കപ്പെട്ട ആശയമാണിത്. എന്നാല്‍ അത് നടപ്പാക്കിയത് ഇപ്പോഴാണ്.
സ്‌പോര്‍ട്‌സിനെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കമ്മിറ്റി രൂപീകരിച്ച് സിലബസ് ഉണ്ടാക്കിക്കഴിഞ്ഞു. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സിലബസാണ് തയ്യാറാക്കിയത്. അധ്യാപകര്‍ക്ക് കൈപ്പുസ്തകവും അധ്യാപകര്‍ക്കുള്ള പരിശീലനവും ഉണ്ട്. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ എല്ലാ അധ്യാപകരെയും പരിശീലിപ്പിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ കായിക അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. അടുത്ത അധ്യയനം മുതല്‍ പാഠ്യപദ്ധതി നടപ്പാക്കാനാണ് തീരുമാനം. കേരളത്തിലെ കായിക ചരിത്രത്തില്‍ വലിയൊരു കാല്‍വെപ്പായിരിക്കുമിത്. അടിസ്ഥാനപമായ ഒറു മാറ്റമാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്.
രണ്ട് വര്‍ഷമായി കായികക്ഷമതാ പദ്ധതി ആവിഷ്‌കരിച്ച് വരികയാണ്. ഇന്ത്യയിലാദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. രണ്ട് വര്‍ഷം വിദ്യാര്‍ഥികളുടെ ആരോഗ്യവും കായികക്ഷമതയും പരിശോധിക്കാനാണ് ശ്രമിച്ചത്. ആദ്യ വര്‍ഷം 16 ലക്ഷം കുട്ടികളെ പരിശോധിച്ചു. എന്നാല്‍ ശരാശരി കായികക്ഷമത 18 ശതമാനം കുട്ടികള്‍ക്ക് മാത്രമേ കണ്ടെത്താനായുള്ളൂ. അടുത്ത വര്‍ഷം 26 ലക്ഷം കുട്ടികളെ പരിശോധിച്ചപ്പോള്‍ ശരാശരി കായികക്ഷമതയുള്ള കുട്ടികളുടെ എണ്ണം 15 ശതമാനമായി കുറഞ്ഞു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു ഇത്.
പഠിക്കുന്ന കുട്ടികള്‍ ശരീരമനങ്ങുന്നില്ല. ഓടുന്നില്ല, കളിക്കുന്നില്ല, നല്ല ഭക്ഷണം കഴിക്കുകയും ടെലിവിഷന് മുന്നിലിരിക്കുകയും മാത്രമാണ് അവരുടെ വിനോദം, ശരീരം തടിച്ച് കൊഴുപ്പ് വര്‍ധിക്കുന്ന അവര്‍ക്ക് 35ാമത്തെ വയസില്‍ തന്നെ കൊളസ്‌ട്രോളും മറ്റ് രോഗങ്ങളും പിടിപെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2010 ആവുമ്പോഴേക്കും ലോകത്തിലെ 65 ശതമാനം ഹൃദ്രോഗികളും ഇന്ത്യയിലായിരിക്കുമെന്നാണ്. ഇതില്‍ നല്ലൊരു ശതമാനം കേരളത്തിലായിരിക്കും. ജീവിത ശൈലിയാണ് പ്രധാന പ്രശ്‌നം. കളിക്കളത്തില്‍ മികവ് തെളിയിക്കുന്നവര്‍ മിക്കവരും പാവപ്പെട്ട കുടുംബത്തില്‍ നിന്നെത്തുന്നവരാണ്. പണക്കാരന്‍ ടെന്നീസും ഷട്ടിലും മാത്രമാണ് കളിക്കുന്നത്. നമ്മുടെ ഭാവി തലമുറയെ രോഗികളാക്കാതാരിക്കുകയെന്ന ലക്ഷ്യവും സ്‌പോര്‍ട്‌സ് കൗണ്‍സിലിനുണ്ട്.
പാഠ്യ പദ്ധതി നടപ്പിലാക്കുമ്പോള്‍ അതിനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കേണ്ടി വരും. പദ്ധതി നടപ്പാക്കാന്‍ നമ്മുടെ സ്‌കൂളുകള്‍ സജ്ജമാണോ?
എല്ലാ സ്‌കൂളുകളിലും കായിക അധ്യാപകരില്ല. പഴയ രീതിയാണ് ഇപ്പോഴും സ്‌കൂളില്‍ നിലനില്‍ക്കുന്നത്. യു പി സ്‌കൂളുകളില്‍ 500 കുട്ടികള്‍ക്ക് ഒരു കായിക അധ്യാപകന്‍ എന്നതാണ് അനുപാതം. എന്നാല്‍ ഇതനുസരിച്ച് കായിക അധ്യാപകര്‍ എല്ലായിടങ്ങളിലുമില്ല. എന്നാല്‍ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ ഈ അനുപാതം സൂക്ഷിച്ച് മുഴുവന്‍ അധ്യാപകരെയും നിയമിക്കും. 500 കുട്ടികളില്ലാത്ത സ്‌കൂളുകളില്‍ മറ്റ് സ്‌കൂളിലെ കുട്ടികളെയും കൂടി ഉള്‍പ്പെടുത്തി അധ്യാപകനെ നിയമിക്കും. നിലനില്‍ കായിക അധ്യാപകരുടെ പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. അതനുസരിച്ചും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും നിയമനം നടത്തും. മറ്റ് സ്‌കൂളുകളിലും അധ്യാപകരെ നിയമിക്കും.
ഉയര്‍ന്ന പരിശീലനമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. അതിനായി പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ നിര്‍മ്മാം നടന്നുകൊണ്ടിരിക്കയാണ്. മൂന്നാറിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇത്തരത്തിലുള്ള കേന്ദ്രമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഇവിടെ വെച്ച് നടത്താനാകും. ഇതിന് പുറമെ തിരുവനന്തപുരത്തെ ആറ്റിങ്ങല്‍ സ്റ്റേഡിയം, കോഴിക്കോട് പുതിയ ഇന്റോര്‍ സ്‌റ്റേഡിയം, മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഓപ്പണ്‍ സ്റ്റേഡിയം, കണ്ണൂരിലെ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, മലപ്പുറത്ത് ഫുട്‌ബോള്‍ സ്‌റ്റേഡിയം, പാലക്കാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം, കോട്ടയം സ്‌റ്റേഡിയം തുടങ്ങി പല പദ്ധതികളും നടന്ന് വരികയാണ്. ഇതിന് പുറമെ പരമ്പരാഗത കായിക രംഗത്തും പ്രത്യേക പദ്ധതികള്‍ വരുന്നുണ്ട്.
കായിക രംഗത്ത് ഉന്നത പരിശീലനം നല്‍കുന്ന സംരംഭങ്ങളെ സര്‍ക്കാര്‍ നല്ല രീതിയില്‍ സഹായിക്കുന്നുണ്ട്. പി ടി ഉഷയുടെയും മേഴ്‌സിക്കുട്ടന്റെയും പരിശീലന കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥലവും സാമ്പത്തിക സഹായവും നല്‍കി വരുന്നുണ്ട്.
കളരിയെ കായിക രംഗത്തെ പ്രാഥമിക പരിശീലനമായി ഉപയോഗിക്കും. സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്ക് ഫിനിഷിങ് നല്‍കാന്‍ ഏറെ സഹായിക്കുന്നതാണ് കളരി, എന്നാല്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. കളരിയെ ജനകീയവത്കരിക്കാന്‍ കഴിയണം.
കായിക രംഗത്തെ ദുഷ്പ്രവണതകള്‍?
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണെങ്കിലും കേരളത്തിലും ഉത്തേജക മരുന്നിന്റെ ഉപയോഗം നല്ല തോതിലുണ്ട്. കുട്ടികള്‍ മരുന്ന് വില്‍പനക്കാരുടെ വലയില്‍പ്പെട്ട് വഞ്ചിതരാവുകയാണ് ചെയ്യുന്നത്. ചുരുക്കം ചില പരിശീലകരും ഇത്‌ന് കൂട്ടുനില്‍ക്കുന്നു. കായിക താരങ്ങളുടെ ഭാവിയല്ല ഇവര്‍ പരിഗണിക്കുന്നത്. താരത്തെ ഉപയോഗിച്ച് നേട്ടം കൊയ്യുകയെന്ന സ്വാര്‍ഥ ചിന്തയാണ്. ഉത്തേജക മരുന്ന് ഉപയോഗിക്കുന്ന താരത്തിന് ആസമയത്ത് നേട്ടമുണ്ടാക്കാന്‍ ഒരു പക്ഷെ കഴിഞ്ഞേക്കും എന്നാല്‍ ഭാവിയില്‍ അവന്റെ കായിക ക്ഷമത നശിക്കുമെന്നത് ഉറപ്പാണ്. സംസ്ഥാന സ്‌കൂള്‍ മീറ്റ് നടക്കുന്ന സമയത്ത് ടോയ്‌ലെറ്റുകളില്‍ കാണുന്ന സിറിഞ്ചുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും അവരുടെ കായികക്ഷമത ചോര്‍ന്ന് ആര്‍ക്കും വേണ്ടാതാകും.
മരുന്ന് ഉപയോഗം തടയാന്‍ കേരളത്തില്‍ പരിശോധനാ ലാബ് ഉണ്ടാക്കുകയാണ് വേണ്ടത്. നാട്ടിലെ പൊതുവായ സ്‌പോര്‍ട്‌സ് ഫുഡ് അല്ലാത്ത മറ്റൊന്നും കഴിക്കാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. സ്‌പോര്‍ട്‌സ് ഫുഡിന്റെ മറവില്‍ ഇത്തരത്തില്‍ അനധികൃത ഉത്തേജക വസ്തുക്കല്‍ വില്‍പന നടത്തുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് കുട്ടികളും രക്ഷിതാക്കളും ബോധവാന്‍മാരാകണം.