തിരുവനന്തപുരം: സംഘപരിവാര്‍ സംഘടന ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയില്‍പ്പീലി’ മാസിക സംഘടിപ്പിക്കുന്ന യങ് സ്കോളര്‍ എക്സാം എന്ന സ്കോളര്‍ഷിപ്പ് പരീക്ഷ സംസ്ഥാനത്തെ സ്കൂളുകളില്‍ വെച്ച് നടത്താന്‍ അനുമതി സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.
സ്കോളര്‍ഷിപ്പ് പരീക്ഷ സ്കൂളുകളില്‍ വെച്ച് നടത്താന്‍ അനുമതി നല്കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയത്.
മയില്‍പ്പീലി മാസികയും ആര്.എസ്.എസ് ആഭിമുഖ്യമുള്ള അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് സ്കോളര്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാറിനാണ് സ്കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയത്.
ഇത് ആദ്യമായാണ് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തില്‍ സ്കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ അനുമതി നല്‍കുന്നതെന്ന് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് ഈ നീക്കം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പഠനസമയം നഷ്ടപ്പെടാതെയും ഫീസ് ഈടാക്കാതെയും മത്സരങ്ങള്‍ നടത്തണമെന്ന നിര്‍ദേശത്തോടെയായിരുന്നു പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ അനുമതി.
യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് മയില്‍പ്പീലിയുടെ സ്കോളര്‍ഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്. നാല് ഘട്ടങ്ങളിലായി മത്സരം നടത്താനാണ് സംഘാടകര്‍ തീരുമാനിച്ചിരുന്നത്. അതിലൊരു ഘട്ടം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഡിസംബറില്‍ സ്കോളര്‍ഷിപ്പ് വിതരണം നടത്താനുമായിരുന്നു പദ്ധതി. സിനിമാതാരം ഉണ്ണി മുകുന്ദനാണ് പരീക്ഷയുടെ ബ്രാന്‍ഡ് അംബാസഡര്‍.
Content Highlight: Kerala: Schools granted permission to conduct scholarship program by Sangh Parivar publication; Minister seeks report following controversy