കൊല്‍ക്കത്ത: കേരളത്തിന്റെ പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ നടപടിയെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി.
സി.പി.ഐ.എം-ബി.ജെ.പി ധാരണയുടെ പുറത്താണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതെന്ന് മമത ബാനര്‍ജി പറഞ്ഞു. ടി.എം.സിയുടെ എക്‌സ് പോസ്റ്റിലൂടെയാണ് മമതയുടെ പ്രതികരണം.
പശ്ചിമ ബംഗാള്‍ എന്ന പേര് മാറ്റി ‘ബംഗ്ല’ എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ നിരന്തരമായ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് മമതയുടെ വിമര്‍ശനം.
കേരളം എന്നല്ല ഒരു സംസ്ഥാനത്തോടും തങ്ങള്‍ക്ക് എതിര്‍പ്പില്ല. പേരുമാറ്റത്തില്‍ അഭിനന്ദങ്ങള്‍ അറിയിക്കുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചതിന് പിന്നില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണയുണ്ടെന്നും മമത പ്രതികരിച്ചു.
ബി.ജെ.പി എക്കാലവും അധികാരത്തില്‍ കാണില്ലെന്നും മമത പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ബംഗ്ലാ വിരോധികളാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അമിത് ഷായ്ക്കും സംസ്ഥാനത്തിന്റെ പൈതൃകത്തോടും ഭാഷയോടും ബഹുമാനമില്ലെന്നും മമത പറഞ്ഞു.
ബി.ജെ.പിയുടെ മുന്നില്‍ മുട്ടുകുത്താന്‍ വിസമ്മതിക്കുന്നുവെന്ന കാരണത്താല്‍ പശ്ചിമ ബംഗാളിന്റെ ന്യായമായ ആവശ്യം നിഷേധിക്കരുതെന്നും മമത കൂട്ടിച്ചേര്‍ത്തു.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും മോദിയും അമിത് ഷായും ബംഗാളില്‍ അക്രമം അഴിച്ചുവിടും. മുതലക്കണ്ണീര്‍ പൊഴിച്ച് ബംഗാളി സംസ്‌കാരത്തെയും തങ്ങളുടെ മണ്ണിനെയും ജനങ്ങളെയും വഞ്ചിക്കും. ഈ നാടകം ഒഴിവാക്കണമെന്നും മമത പറഞ്ഞു.
പശ്ചിമ ബംഗാളിന്റെ പേരുമാറ്റത്തില്‍ നിരവധി തവണ ടി.എം.സി സര്‍ക്കാര്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. ആവശ്യം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം ഇതുവരെ ടി.എം.സിയുടെ ആവശ്യം അംഗീകരിച്ചിട്ടില്ല.
‘West Bengal’ എന്ന പേര് വരുമ്പോള്‍ ആല്‍ഫബെറ്റ് ക്രമപ്രകാരം സംസ്ഥാനത്ത് ഉള്ളവര്‍ എല്ലായിടങ്ങളിലും അവസാന നിരയിലേക്ക് പിന്തള്ളപ്പെടുന്നു എന്നാണ് മമതയുടെ വാദം.
അതേസമയം കേരള സര്‍ക്കാര്‍ തുടര്‍ച്ചയായി ഉന്നയിക്കുന്ന ആവശ്യമാണ് 2026നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീര്‍ത്ഥി’ല്‍ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിന്റെ പേരുമാറ്റം അംഗീകരിക്കപ്പെട്ടത്.
ഇത് സംബന്ധിച്ച 2026ലെ ബില്‍ രാഷ്ട്രപതി നിയമസഭയിലേക്ക് റഫര്‍ ചെയ്യും. സംസ്ഥാനത്തിന്റെ മറുപടി ലഭിച്ചതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
Content Highlight: Kerala’s name change; Mamata alleges CPI-M-BJP agreement
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ