തിരുവനന്തപുരം: പേവിഷബാധക്കെതിരായ വാക്‌സിനേഷന്റെ പ്രതിരോധശേഷി പരിശോധിക്കാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐ.എ.വി). മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
പൊതുജനാരോഗ്യരംഗത്ത് മറ്റൊരു ചരിത്രനേട്ടത്തിന് കൂടി സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പേവിഷബാധയ്ക്ക് എതിരായ വാക്‌സിനേഷന്റെ പ്രതിരോധശേഷി പരിശോധിക്കാന്‍ ചെലവ് കുറഞ്ഞതും വിശ്വസ്തവുമായ പുതിയ സാങ്കേതികവിദ്യയാണ് ഐ.എ.വി വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഈ നൂതന സാങ്കേതികവിദ്യ വഴി, വാക്‌സിന്‍ സ്വീകരിച്ച മനുഷ്യരിലും, വളര്‍ത്തു മൃഗങ്ങളിലുമുള്ള രോഗപ്രതിരോധശക്തി എത്രത്തോളമെന്ന് കണ്ടെത്താന്‍ സാധിക്കും. അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ഈ പഠനം ഇതിനകം പ്രസിദ്ധീകരിച്ചുവെന്നും മുഖ്യമന്ത്രി പറയുന്നു.
നിലവില്‍ വാക്‌സിനേഷന്‍ പ്രതിരോധ ശേഷി കണ്ടെത്തുന്ന ‘റാപ്പിഡ് ഫ്‌ലൂറസെന്റ് ഫോക്കസ് ഇന്‍ഹിബിഷന്‍’ ടെസ്റ്റിന് (RFFIT) 3000 രൂപയില്‍ കൂടുതല്‍ ചെലവ് വരുന്നുണ്ട്. എന്നാല്‍ ഐ.എ.വി മോളിക്യുലര്‍ ബയോഅസെ (IAV Molecular Bioassay) ലബോറട്ടറി വഴിയുള്ള പുതിയ പരിശോധനയ്ക്ക് 500 മാത്രമാണ് ചെലവ് വരുന്നത്.
ഈ സേവനം പൊതുജനങ്ങള്‍ക്കായി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടത്തുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളുടെയും ഗവേഷണങ്ങള്‍ക്കുള്ള പിന്തുണയുടെയും ഫലം കൂടിയാണ് ഇത്തരമൊരു ചരിത്ര നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാങ്കേതികവിദ്യ പേവിഷബാധ നിയന്ത്രണ വിധേയമാക്കുന്നതില്‍ നിര്‍ണായകമാകുമെന്നത് സുനിശ്ചിതമാണെന്നും മുഖ്യമന്ത്രി എഫ്.ബിയില്‍ കുറിച്ചു.
സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും നാം ഒരോരുത്തരുടെയും ഉത്തരവാദിത്വം കൂടിയാണ്. റാബിസ് വാക്‌സിനേഷന്‍ സംബന്ധിച്ച് കൃത്യമായ അവബോധത്തോടെ കുട്ടായ് മുന്നോട്ട് നിങ്ങാം. പേവിഷബാധയെന്ന വിപത്തിനെ പൂര്‍ണമായും പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തെരുവുനായ ശല്യം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഐ.എ.വിയുടെ പുതിയ കണ്ടെത്തല്‍. നിലവില്‍ തെരുവുനായ ആക്രമണത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
നവംബര്‍ ഏഴിന്, തെരുവുനായകളെ പൊതുസ്ഥലങ്ങളില്‍ നിന്ന് എട്ട് ആഴ്ചക്കുള്ളില്‍ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വന്ധ്യംകരിച്ച് നായകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനും നിര്‍ദേശമുണ്ടായിരുന്നു. ജനുവരി 13ന് ഹരജികളില്‍ കൂടുതല്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിരുന്നു.
Content Highlight: Kerala’s contribution to rabies prevention; Institute of Advanced Virology discovers new technology