| Thursday, 25th December 2025, 12:11 pm

കേരളത്തിന് അര്‍ഹമായ കടമെടുപ്പ് പരിധിയില്‍ നിന്നും 6000 കോടിയോളം വെട്ടിക്കുറച്ച നടപടി; മുട്ടുമുടക്കില്ലെന്ന് കെ.എന്‍. ബാലഗോപാല്‍

നിഷാന. വി.വി

ന്യൂദല്‍ഹി: കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നടപടികളില്‍ നിന്ന് പിന്തിരിയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കേരളത്തിന്റെ അര്‍ഹമായ കടമെടുപ്പ് പരിധിയില്‍ നിന്നും 6000, കോടിയോളം രൂപ വെട്ടികുറച്ചതടക്കമുളള നടപടികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.

ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ നേരില്‍ കണ്ട് കത്ത് നല്‍കി.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതടക്കം വിവിധയിനങ്ങളില്‍ 22360 കോടി രൂപ നടപ്പുവര്‍ഷം കേരളത്തിന് ലഭിക്കേണ്ടതുണ്ടെന്നും അതിനാവശ്യമായ തീരുമാനമെടുക്കണമെന്നും നിവേദനത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ പല സാമ്പത്തിക നടപടികളും കേരളത്തെ വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി രണ്ട് തവണ ധനമന്ത്രിയെ കണ്ടിരുന്നുവെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടായിരുന്നില്ല.

നിലവിലെ ജി.എ.സ്.ടി പരിഷ്‌കാരങ്ങള്‍ നടപ്പുവര്‍ഷത്തില്‍ കേരളത്തിന് 8000കോടിയുടെ നഷ്ടമുണ്ടാക്കും. തീരുവ വര്‍ധിപ്പിച്ചുകൊണ്ടുള്ള അമേരിക്കയുടെ നടപടി കയറ്റുമതിയില്‍ നിന്നുള്ള കേരളത്തിന്റെ 2500 കോടി രൂപയുടെ വരുമാനം ഇല്ലാതാക്കും. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് കേരളത്തിന് അനുകൂലമായ നടപടികള്‍ എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാലുള്ള പകപോക്കല്‍ നടപടിയാണ് കേന്ദ്രത്തിന്റെതെങ്കില്‍ മുട്ടുമടക്കില്ലെന്നും പ്രതിപക്ഷ സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്ന പ്രതികാര സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നും ബാലഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യയെന്നാല്‍ സംസ്ഥാനങ്ങളുടെ യൂണിയനാണ് അതിനാല്‍ യോജിച്ച് മുന്നോട്ട് പോവേണ്ടതുണ്ട്. കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ വലിയ സാമ്പത്തിക കുതിപ്പ് കേരളം നടത്തിയിട്ടുണ്ടെന്നും അത് തടയിടാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Content highlight: Kerala’s borrowing limit cut by Rs 6000 crore; K.N. Balagopal says he will not stand down

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more