| Saturday, 18th April 2026, 7:18 am

ഉള്ളുലഞ്ഞ് കേരളം; വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

നിഷാന. വി.വി

പാലക്കാട്: വാല്‍പ്പാറയ്ക്കും പൊള്ളാച്ചിക്കുമിടയില്‍ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാന്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച ഒമ്പത് പേരുടെ പേരുടെ ജീവനറ്റ ശരീരവുമായി ആംബുലന്‍സ് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചു.

ഒറ്റദിവസം കൊണ്ട് അനാഥമായത് ഒമ്പത് കുടുംബങ്ങള്‍ മാത്രമല്ല ഒരു സ്‌കൂള്‍ തന്നെയാണ്. പെരിന്തല്‍മണ്ണ പാങ്ങ് ജി.എല്‍.പി സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയ അധ്യാപകരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുലര്‍ച്ചയോടെ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയില്‍ എത്തിക്കും. അമ്പലപ്പറമ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്‌കാരചടങ്ങുകള്‍.

അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും അടക്കം 13 പേര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തമിഴ്‌നാട് പൊലീസും മറ്റ് വിവിധ വകുപ്പുകളും ചേര്‍ന്ന് അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് സ്ഥലത്ത് നടത്തിയത്. അധികൃതര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മലപ്പുറം എസ്.പി.യുമായി നിരന്തരം ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ദുരന്തനിവാരണ സേന, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

കേരള സര്‍ക്കാരും വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.

പാങ്ങ് ജി.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക പുലാമന്തോള്‍ പാലൂര്‍ പരുത്തിയില്‍ പി. അജിത (54), അധ്യാപകരായ പൂമുള്ളിക്കര ആശ (41), ചേണ്ടി മഞ്ഞംപള്ളി വീട്ടില്‍ റംല (52), ഈസ്റ്റ് പാങ്ങ് ആലുങ്ങല്‍ സുഹ്‌റ (43), മജീദ് (43), സ്‌കൂള്‍ പാചകത്തൊഴിലാളി പള്ളിപ്പറമ്പ് കളത്തിങ്ങല്‍തൊടി സാജിത (45), പാങ്ങ് ജി.യു.പി സ്‌കൂളിലെ അധ്യാപിക ചേണ്ടി കടന്നമുട്ടി വിലഞ്ഞിപ്പുലന്‍ വീട്ടില്‍ ഷക്കീല (37), മജീദിന്റെ ഭാര്യ റുഖിയ (39), സുഹ്‌റയുടെ മകന്‍ ഹിഷാം (12) എന്നിവരാണ് മരിച്ചത്.

വാന്‍ ഡ്രൈവര്‍ പൊന്മള മലവട്ടം ചൂനൂര്‍ മുഹമ്മദ് ഫാഹിസ് (21), സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് (39), മരിച്ച സാജിതയുടെ മകന്‍ മുഹമ്മദ് ഷഹദിന്‍
എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

Content Highlight: Kerala reels; Postmortem of those killed in Valparai tragedy completed

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more