തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യു.എല്‍.സി.സി.എസ്) പൊതുമരാമത്ത് വകുപ്പ് ക്രമവിരുദ്ധ കരാറുകളൊന്നും നല്‍കിയതായി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍. പൊതുമരാമത്ത് വകുപ്പ് ഊരാളുങ്കലിന് നടപടികള്‍ പാലിക്കാതെ കരാറുകളൊന്നും നല്‍കിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ഊരാളുങ്കലിന് നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തികളൊന്നും അനുവദിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. വകുപ്പിന് കീഴിലുള്ള പദ്ധതികളിലെല്ലാം കര്‍ശനമായ ഗുണനിലവാര പരിശോധന ഉറപ്പാക്കാറുണ്ട്. ദേശീയപാത നിര്‍മ്മാണത്തില്‍ ഊരാളുങ്കലിന് പ്രത്യേക മുന്‍ഗണന നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ 165 പ്രവര്‍ത്തികളാണ് ഊരാളുങ്കള്‍ ചെയ്യുന്നത്. ഇതില്‍ 61 എണ്ണം റോഡ് വിഭാഗത്തിലാണ്. 46 എണ്ണം കിഫ്ബി പദ്ധതികളാണ്. ഊരാളുങ്കലിന് നല്‍കിയ 40ഓളം പ്രവൃത്തികള്‍ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇതിന് കാരണം വര്‍ക്ക് ലോഡ് കൂടിയതാണെന്നും മന്ത്രി ബഷീര്‍ വ്യക്തമാക്കി. ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവൃത്തികളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അവര്‍ തന്നെയാണ് തയ്യാറാക്കുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു. അങ്ങനെയൊരു പ്രശ്നം ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തായിരിക്കെ ഉരാളുങ്കലിനെതിരെ യു.ഡി.എഫ് വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി ഊരാളുങ്കലിന് കരാറുകള്‍ നല്‍കുന്നുവെന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു യു.ഡി.എഫ് ഉന്നയിച്ചിരുന്നത്. സി.പി.ഐ.എമ്മിന്റെ അഴിമതി പണം സൂക്ഷിക്കുന്ന സ്ഥലമാണ് ഊരാളുങ്കലെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആരോപിച്ചിരുന്നത്.
Content Highlight: Kerala PWD Minister PK Basheer’s Comment About Uralungal Labour Contract Cooperative Society (ULCCS)