| Friday, 24th January 2025, 3:54 pm

കേരളത്തിന്റെ ഏഴിരട്ടി ജനസംഖ്യയുള്ള യു.പിയില്‍ ക്ഷേമപെന്‍ഷന്‍ നല്‍കുന്നത് 52 ലക്ഷം പേര്‍ക്ക് മാത്രം; കേരളത്തില്‍ 62 ലക്ഷം: കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ക്ഷേമ പെന്‍ഷന്‍വിതരണത്തില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ എത്രയോ മുകളിലാണ് കേരളത്തിന്റെ സ്ഥാനമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഉത്തര്‍പ്രദേശിലേയും കേരളത്തിലേയും ക്ഷേമപെന്‍ഷനിലെ അന്തരം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ ജനസംഖ്യയുടെ ഏഴിരട്ടി ജനസംഖ്യയുള്ള യു.പിയില്‍ 52 ലക്ഷം ജനങ്ങള്‍ക്ക് മാത്രമാണ് പെന്‍ഷന്‍ കൊടുക്കുന്നതെന്നും അതേസമയം കേരളത്തില്‍ 62 ലക്ഷംപേര്‍ക്ക് കൊടുക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മലബാര്‍ ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘കഴിഞ്ഞ ദിവസം ഞങ്ങള്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിന്റെ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ യു.പിയിലെ ധനകാര്യ മന്ത്രി അവര്‍ 52 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നുണ്ടെന്ന് പറഞ്ഞു. അവിടുത്തെ ജനസംഖ്യ 24 കോടിയാണ്. അതായത് നമ്മളുടെ ഏഴിരട്ടി. എന്നാല്‍ നമ്മള്‍ 62 ലക്ഷം പേര്‍ക്ക് കൊടുക്കുന്നുണ്ട്. നമ്മള്‍ അത് കൃത്യമായി കൊടുക്കും,’ മന്ത്രി പറഞ്ഞു.

കേരളത്തെപ്പോലൊരു സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെയായപ്പോഴാണ് കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ കേസിന് പോയതെന്നും മന്ത്രി പറയുകയുണ്ടായി. കൂടാതെ 2017ല്‍ ജി.എസ്.ടി സമ്പ്രദായം വരുന്നതിന് മുമ്പ് സംസ്ഥാനമായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും ആ സമയത്ത് വാര്‍ഷിക വരുമാനത്തില്‍ 14 ശതമാനം വരെ ലാഭം ലഭിച്ചിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അന്ന് നമ്മളാണ് എല്ലാത്തിനും ടാക്‌സ് നിയമന്ത്രിച്ചിരുന്നെന്നും എന്നാല്‍ ഇപ്പോഴാണെങ്കില്‍ മദ്യത്തിന്റേയും പെട്രോളിന്റെയും കാര്യത്തില്‍ മാത്രമെ ആ അധികാരം ഉള്ളുവെന്നും മന്ത്രി പറയുകയുണ്ടായി.

ആധുനിക കാലത്ത് എങ്ങനെയായിരിക്കണം കേരളം എന്ന മാതൃക സെറ്റ് ചെയ്തത് ഒന്നാമത്തേയും രണ്ടാമത്തെയും പിണറായി സര്‍ക്കാണെന്നും മന്ത്രി അവകാശപ്പെട്ടു. ‘ഒന്നാം പിണറായി സര്‍ക്കാര്‍ തുടങ്ങിവെച്ച പല കാര്യങ്ങളും നടപ്പിലാക്കിയത് രണ്ടാം പിണറായി സര്‍ക്കാര്‍ ആണ്. ഒന്നാം പിണറായി സര്‍ക്കാരിനെക്കാളും കൂടുതല്‍ ചെലവുകള്‍ വന്നതും രണ്ടാമത്തെ സര്‍ക്കാരിനാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ശരാശരി ചെലവ് ഒരു ലക്ഷത്തി പതിനയ്യാരം കോടിക്കടുത്താണ്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന് ചെലവ് ഒരു ലക്ഷത്തി അറുപതിനായിം കോടിക്കടുത്താണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അത് ചെലവിനെ ബാധിക്കാറില്ല,’ മന്ത്രി പറഞ്ഞു.

ബി.ജെ.പി ഗവണമെന്റിന് കീഴില്‍ സംസ്ഥാനങ്ങളെ വെറും ഡിപ്പാര്‍ട്ടമെന്റുകളായാണ് കേന്ദ്രം കാണുന്നതെന്നും മന്ത്രി വിമര്‍ശിക്കുകയുണ്ടായി. ഏകദേശം 50000 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാരിന് കിട്ടാന്‍ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ കേന്ദ്രത്തിന്റെ കൈയില്‍ നിന്ന കിട്ടാനുള്ള തുക മുഴുവന്‍ കിട്ടിയാല്‍, അര്‍ഹമായ കേന്ദ്ര വിഹിതം ലഭിച്ചാല്‍ കേരളം മിച്ച സംസ്ഥാനമായി മാറുമെന്നും മന്ത്രി അഭിമുഖത്തിനിടെ പറഞ്ഞു.

Content Highlight: Kerala provides more welfare pensions than Uttar Pradesh says K.N. Balagopal

We use cookies to give you the best possible experience. Learn more