| Monday, 8th June 2026, 8:13 pm

വി.ഡി. സതീശന്‍ ധൂര്‍ത്തെന്ന് വിമര്‍ശിച്ച ഹെലികോപ്ടറിന്റെ കരാര്‍ പുതുക്കാന്‍ സര്‍ക്കാരിന് ഡി.ജി.പിയുടെ ശുപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്ടറിന്റെ കരാര്‍ കാലാവധി തുടരാന്‍ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. കരാര്‍ തുടരണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

ഈ വര്‍ഷം ഓഗസ്റ്റില്‍ വാടക ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി അവസാനിക്കും. ഈ കരാര്‍ ഓഗസ്റ്റിന് ശേഷവും തുടരാന്‍ പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതായി വിവിധ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചിപ്‌സണ്‍ ഏവിയേഷന്‍ എന്ന സ്ഥാപനവുമായാണ് സംസ്ഥാന സര്‍ക്കാരിന്റെ വാടക ഹെലികോപ്റ്റര്‍ കരാര്‍. പ്രതിമാസം 80 ലക്ഷം രൂപ വച്ചാണ് വാടക. മൂന്ന് വര്‍ഷത്തേക്കുള്ള കരാറാണ് ഓഗസ്റ്റില്‍ അവസാനിക്കുന്നത്.

ഒന്നാം പിണറായി സര്‍ക്കാരാണ് പൊലീസിനായി ഹെലികോപ്ടര്‍ വാടകക്കെടുക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെ അന്നത്തെ പ്രതിപക്ഷമായ യു.ഡി.എഫ് എതിര്‍ത്തിരുന്നു. ഹെലകോപ്ടര്‍ വാടകക്കെടുക്കുന്നത് ധൂര്‍ത്താണെന്ന തരത്തില്‍ യു.ഡി.എഫ് അന്ന് വിമര്‍ശനമുന്നയിച്ചിരുന്നു.

ഇപ്പോള്‍ പൊലീസ് മേധാവിയുടെ ശുപാര്‍ശ അനുസരിച്ച് ഹെലികോപ്ടര്‍ വാടക കരാര്‍ യു.ഡി.എഫ് പുതുക്കുമോ എന്ന കാര്യത്തില്‍ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഹെലികോപ്ടര്‍ ആവശ്യമാണെന്ന് പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പവന്‍ഹംസ് കമ്പനിയുടെ ഹെലികോപ്ടറുകളായിരുന്നു ആദ്യഘട്ടത്തില്‍ ഉപയോഗിച്ചിരുന്നത്. ഈ കരാര്‍ അവസാനിച്ച ശേഷം കുറഞ്ഞ തുക പ്രതിമാസ വാടക പറഞ്ഞ ചിപ്‌സണ്‍ ഏവിയേഷന് കരാര്‍ നല്‍കി.

അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശ പ്രകാരമായിരുന്നു പൊലീസിന് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം, വി.വി.ഐ.പികളുടെ യാത്ര തുടങ്ങിയ ആവശ്യങ്ങളാണ് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.

ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി സതീശനാണ് അന്ന് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതില്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന യു.ഡി.എഫ് നേതാക്കളിലൊരാള്‍. നിലവില്‍ ധനമന്ത്രി കൂടിയായ വി.ഡി സതീശന്‍ വാടക ഹെലികോപ്ടര്‍ വാടക കരാര്‍ തുടരണമെന്ന പൊലീസ് മേധാവിയുടെ ശുപാര്‍ശയില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല.

80 ലക്ഷം വാടകയ്ക്ക് പ്രതിമാസം പരമാവധി 25 മണിക്കൂറാണ് ഹെലികോപ്ടര്‍ പറത്താന്‍ കഴിയുക. ഇതിന് മുകളിലുള്ള സമയത്തിന് കൂടുതല്‍ പണം നല്‍കണം. ഹെലികോപ്ടര്‍ ഒരു തവണ പോലും പറത്തിയില്ലെങ്കിലും മാസം 80 ലക്ഷം വാടക നല്‍കണം.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ക്കായി നല്‍കിയിരുന്ന പണം ഹെലികോപ്ടര്‍ വാടകയക്ക് ഉപയോഗിച്ചിരുന്നു. എന്നാല്‍ കേരളത്തെ മാവോയിസ്റ്റ് മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചശേഷം കേന്ദ്ര ഫണ്ടില്‍ കുറവ് വന്നിരുന്നു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇപ്പോള്‍ 80 ലക്ഷത്തിന്റെ ഹെലികോപ്ടര്‍ വാടക കരാര്‍ പുതുക്കാന്‍ പൊലീസ് മേധാവി ശുപാര്‍ശ നല്‍കിയിരിക്കുള്ളത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഹെലികോപ്ടറിന് വാടക നല്‍കുന്നത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ ഒന്നിലധികം തവണ സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതിപക്ഷത്തായിരിക്കെ ഹെലികോപ്ടര്‍ പ്രതിമാസ വാടകയ്ക്ക് എടുത്തതിനെ വിമര്‍ശിച്ചിരുന്നു.

Content Highlight: Kerala Police DGP Recommendation to Extend Contract for Chopper Monthly Rental

We use cookies to give you the best possible experience. Learn more