| Saturday, 2nd August 2025, 7:26 pm

എന്തിനാടോ കഷ്ടപ്പെട്ട് പോയിട്ട്? ദേശീയ പുരസ്‌കാരത്തിനെതിരെ കേരള പൊലീസിന്റെ പരോക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമപ്രകാരമല്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെ തുടര്‍ന്നുണ്ടാകാനിടയുള്ള നടപടികളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. പഠനത്തിനും ജോലിക്കുമായി അന്യരാജ്യങ്ങളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. എന്നാല്‍ നിര്‍ദേശങ്ങള്‍ക്ക് ഉപരി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കേരള പൊലീസിന്റെ മീഡിയ ടീം പുറത്തുവിട്ട പോസ്റ്ററാണ്.

ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ആടുജീവിതം’ത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ളതാണ് പോസ്റ്റര്‍. സിനിമയിലെ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിച്ച പൃഥ്വിരാജും മരുഭൂമിയുമാണ് പോസ്റ്ററിലുള്ളത്.

കൂടാതെ ‘നമ്മളും ഇതുപോലെ കഷ്ടപ്പെട്ടിട്ട് ഫലമില്ലാതാകാനോ? നിയമപ്രകാരമല്ലാത്ത കുടിയേറ്റം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കാം,’ പോസ്റ്ററിലെ വാചകമിങ്ങനെ.

നിലവില്‍ എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ആടുജീവിതത്തെ തഴഞ്ഞുകൊണ്ടുള്ള ജൂറിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് കേരള പൊലീസിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നത്. കേരളത്തിനെതിരായ പ്രൊപ്പഗണ്ട സിനിമ ‘ദി കേരള സ്റ്റോറി’ക്ക് പുരസ്‌കാരം നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് ജൂറിക്കെതിരെ വിമര്‍ശനം ഉയരുന്നത്.

കേരള സ്റ്റോറി വസ്തുതകള്‍ തുറന്നുകാട്ടുന്ന സിനിമയാണെന്നും പുരസ്‌കാരം അര്‍ഹിക്കുന്നുണ്ടെന്നുമാണ് ജൂറി അശുതോഷ് ഗോവാരിക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവില്‍ തക്ക സമയത്ത് കേരള പൊലീസ് പുറത്തുവിട്ട പോസ്റ്റര്‍ കേരളം ഏറ്റെടുത്തിട്ടുണ്ട്. കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ നിയന്ത്രിക്കുന്ന അഡ്മിന് അഭിനന്ദനം അറിയിച്ച് നിരവധി ആളുകളാണ് കമന്റ് ബോക്‌സില്‍ പ്രതികരിക്കുന്നത്.

അതേസമയം നിയമപരമല്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് ജയിലിലടക്കപ്പെടാനും പിഴയൊടുക്കപ്പെടാനും കാരണമാകുമെന്നും കേരള പൊലീസ് പറയുന്നു. നമ്മള്‍ മലയാളികളാണ്… മണ്ടന്മാരല്ല… എന്ന് പറഞ്ഞുകൊണ്ടാണ് കേരള പൊലീസ് കുറിപ്പ് തുടങ്ങുന്നത്.

‘അനധികൃതമായി കുടിയേറുന്നവര്‍ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേര്‍പ്പെട്ടവര്‍ക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും അത്തരക്കാര്‍ക്ക് ലഭിക്കില്ല. യാത്ര വിലക്ക് നേരിടാനും സാധ്യതയുണ്ട്,’ കേരള പൊലീസ് കുറിച്ചു.

അംഗീകൃത ഏജന്‍സികളിലൂടെ അല്ലാതെ വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ അവിടത്തെ തൊഴില്‍രീതികളെക്കുറിച്ചോ തൊഴില്‍ദാതാവിനെക്കുറിച്ചോ ലഭിക്കേണ്ട വേതനത്തെക്കുറിച്ചോ തൊഴില്‍സാഹചര്യങ്ങളെക്കുറിച്ചോ അജ്ഞരായിരിക്കും. ഇത് ചൂഷണ സാധ്യത വര്‍ധിപ്പിക്കുന്നു. അനധികൃത റിക്രൂട്ടിങ് ഏജന്‍സികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളില്‍ മയങ്ങി ഒരിക്കലും ഇത്തരത്തിലുള്ള തീരുമാനം എടുക്കരുതെന്നും മുന്നറിയിപ്പുണ്ട്.

E-MIGRATEല്‍ ( https://emigrate.gov.in ) രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റിക്രൂട്ടിങ് ഏജന്‍സികളെ മാത്രം ആശ്രയിക്കണമെന്നും കേരള പൊലീസ് നിര്‍ദേശിച്ചു.

Content Highlight: Kerala Police’s indirect criticism of the 71 National Award

We use cookies to give you the best possible experience. Learn more