| Friday, 12th June 2026, 9:07 pm

സഞ്ജുവിന് പിന്നാലെ മറ്റൊരു മലയാളിയും ഇന്ത്യന്‍ ടീമിലേക്ക്; അഭിമാന നിമിഷം!

Sudev A

ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇടം നേടി മലയാളി താരം മാനവ് കൃഷ്ണ. ശ്രീലങ്കക്കെതിരെയുള്ള അണ്ടര്‍ 19 ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലാണ് മാനവ് കൃഷ്ണ ഇടം നേടിയത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ മാനവ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. ദല്‍ഹിയിലാണ് മാനവ് തന്റെ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ചത്. പിന്നീട് 13ാം വയസില്‍ കേരളത്തിലെത്തുകയായിരുന്നു.

കേരള അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായ മാനവ് ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. 2026 ജനുവരിയില്‍ രഞ്ജി ട്രോഫിയില്‍ ഗോവക്കെതിരെയാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

ഒമാനെതിരെയുള്ള പര്യടനത്തിനുള്ള കേരള ടീമിലും മാനവ് ഇടം നേടിയിരുന്നു. 2025 കേരള ക്രിക്കറ്റ് ലീഗിന്റെ ലേലത്തില്‍ പങ്കാളിയായ ഏറ്റവും പ്രായം കുറഞ്ഞ താരവും മാനവ് തന്നെയാണ്.

കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 സീസണില്‍ 592 റണ്‍സാണ് താരം നേടിയത്. കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടി തിളങ്ങാനും മാനവിന് സാധിച്ചു. സൗരാഷ്ട്ര, ഹൈദരാബാദ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു വിക്കറ്റ് കീപ്പറുടെ സെഞ്ച്വറി നേട്ടം. എന്‍.എസ്.കെ ട്രോഫിയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ പ്രോമിസിങ് യങ്സ്റ്റര്‍ പുരസ്‌കാരവും മാനവിനെ തേടിയെത്തിയിരുന്നു.

മാനവ് കൃഷ്ണ

മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണും അണ്ടര്‍ 19 ടീമിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ് ഇന്ത്യന്‍ ടീമിലെത്തിയത്. ഇപ്പോള്‍ മറ്റൊരു വിക്കറ്റ് കീപ്പറും ഇന്ത്യന്‍ ജേഴ്‌സിയണിയുമ്പോള്‍ മലയാളി ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുകയാണ് മാനവ് കൃഷ്ണ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു അധ്യായം കുറിക്കുമോയെന്ന്.

ജൂണ്‍ 13നാണ് ഇന്ത്യ-ശ്രീലങ്ക അണ്ടര്‍ 19 മള്‍ട്ടി ഡേ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്. ഇതിന് മുന്നോടിയായി മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ ലങ്കക്കെതിരെ കളിക്കും.

ഇന്ത്യ അണ്ടര്‍ 19 സ്‌ക്വാഡ്

യശ്ബര്‍ധന്‍ സിങ് ചൗഹാന്‍ (ക്യാപ്റ്റന്‍), ലക്ഷ്യ റായ്ചന്ദാനി (വൈസ് ക്യാപ്റ്റന്‍), സാഗര്‍ വിര്‍ക്ക്, പട്ടേല്‍ കുഷ്, മനല്‍ ചൗഹാന്‍, കുശാഗ്ര ഓജ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷു സിങ്, പ്രണവ് രാഘവേന്ദ്ര, ചിഗുരുപതി വെങ്കട്ട, ആര്യന്‍ സന്ദേശ് സക്പാല്‍ (വിക്കറ്റ് കീപ്പര്‍), ഹേംചുദേശ് പരേഷ് പട്ടേല്‍.

Content Highlight: Kerala player Manav Krishna gets a place in the Indian Under-19 team

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more