| Wednesday, 30th September 2026, 8:00 pm

'റീ ഇമാജിനിംഗ് കേരളം': നയരൂപീകരണം ബഹുരാഷ്ട്ര കമ്പനിയെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നയരൂപീകരണത്തിന് സ്വകാര്യ ബഹുരാഷ്ട്ര കമ്പനിയെ ചുമതലപ്പെടുത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിന്റെ നയ രൂപീകരണം നടത്തേണ്ടത് സ്വകാര്യ കമ്പനിയല്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘റീ ഇമാജിനിംഗ് കേരളം’ എന്ന പേരില്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളെ നിശ്ചയിക്കുകയും അവയുടെ നടത്തിപ്പിനായി ലണ്ടന്‍ ആസ്ഥാനമായുള്ള ‘ഗ്രാന്റ് തോണ്‍ടണ്‍’ എന്ന ബഹുരാഷ്ട്ര കമ്പനിക്ക് 50 ലക്ഷം രൂപ പ്രതിഫലം നല്‍കിയെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിണറായിയുടെ പ്രതികരണം.

സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ പരിപാടികളും പദ്ധതികളും ഏകോപിപ്പിക്കാന്‍ 40 പേരടങ്ങിയ വിദേശ കമ്പനിയിലെ ജീവനക്കാരെയാണ് ഏല്‍പ്പിച്ചതെന്നും പിണറായി പറഞ്ഞു. പദ്ധതി വിശദാംശങ്ങളുടെ രഹസ്യാത്മകതയെ ഇത് ബാധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ ഒഴിവാക്കി, ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സര്‍ക്കാര്‍ തന്നെ നിയോഗിച്ച പ്ലാനിംഗ് ബോര്‍ഡിനെ തന്നെയും അവഗണിച്ചാണ് കോര്‍പ്പറേറ്റ് ഉപദേശികളെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

‘തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ നയരൂപീകരണവും വികസന പരിപ്രേക്ഷ്യവും അതത് കക്ഷികളോ മുന്നണികളോ കൂടിയാലോചിച്ച് തീരുമാനിക്കുന്നതാണ് ജനാധിപത്യ രീതി. എന്നാല്‍ ഇതാദ്യമായി ഒരു സര്‍ക്കാരിന്റെ നയരൂപീകരണത്തിന് സ്വകാര്യ ബഹുരാഷ്ട്ര കമ്പനിയെ ചുമതലപ്പെടുത്തുന്ന തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെ മറ്റു കക്ഷികളുടെയും ഇതിനോടുള്ള പൊതുനിലപാട് വ്യക്തമാക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രിയുടെ ഈ നിലപാട് ജനാധിപത്യ ഭരണരീതിയോടുള്ള അവജ്ഞയും വോട്ടര്‍മാരോടുള്ള വെല്ലുവിളിയും അവഹേളനവുമാണ്,’ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രത്യേക സാങ്കേതിക ഉപദേശങ്ങള്‍ക്ക് പരിജ്ഞാനമുള്ള ഏജന്‍സികളെ കണ്‍സള്‍ട്ടന്‍സികളായി ഉപയോഗിക്കുന്നതുപോലെയല്ല നയരൂപീകരണവും മുന്‍ഗണന നിശ്ചയിക്കുന്നതിനുള്ള തീരുമാനവും ബഹുരാഷ്ട്ര കമ്പനിയെ ഏല്‍പ്പിക്കുന്നത്. ഇത് വെറുമൊരു ധൂര്‍ത്ത് എന്ന രീതിയില്‍ മാത്രം വിലയിരുത്തേണ്ട കാര്യമല്ല. സര്‍ക്കാരിന്റെ മുന്‍ഗണനയും നയരൂപീകരണവും നടത്തേണ്ടത് ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭയോ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച രാഷ്ട്രീയ നേതൃത്വമോ ആണ്, അല്ലാതെ ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സികളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നയരൂപീകരണത്തിന് ചുമതലപ്പെട്ട സംസ്ഥാന ആസൂത്രണ ബോര്‍ഡ് പോലെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോലും റോളില്ലാതെ ഇതെല്ലാം തീരുമാനിക്കാന്‍ പുറം കരാര്‍ നല്‍കുന്നത് ശരിയായ രീതിയല്ല. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണമേറ്റ ഉടനെ ധനവകുപ്പ് പുറത്തിറക്കേണ്ട ധനസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കാന്‍ മറ്റൊരു സമിതിയെ നിയോഗിച്ചതിലും ഇതേ പാറ്റേണ്‍ നമ്മള്‍ കണ്ടതാണെന്നും പിണറായി പറഞ്ഞു.

രഹസ്യരേഖകളും സര്‍ക്കാര്‍ ഫയലുകളുമെല്ലാം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആ ഘട്ടത്തില്‍ തന്നെ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അതേ രീതി പല വിഷയങ്ങളിലും തുടരുകയാണെന്നും പിണറായി അഭിപ്രായപ്പെട്ടു.

മന്ത്രിമാരുടെ വിദേശ യാത്രകളും ഉപയോഗിക്കുന്ന വാഹനങ്ങളും വരെ അജ്ഞാതരായ പല സ്‌പോണ്‍സര്‍മാരും നിര്‍വ്വഹിക്കുന്ന സ്ഥിതിയാണുള്ളത്. ലക്ഷങ്ങള്‍ ചിലവഴിക്കുന്ന ഇവരുടെ താല്‍പ്പര്യം എന്താണ് എന്ന് ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഒട്ടും വിശ്വാസത്തിലെടുക്കാതെ മറ്റാശ്രിതവൃന്ദങ്ങളെ എല്ലാ മേഖലകളിലും നിയോഗിക്കുന്ന രീതി ഭരണനിര്‍വ്വഹണത്തിന്റെ സുതാര്യതയെ ഇല്ലാതാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇങ്ങനെ സ്വകാര്യ മേഖലയുടെ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങുന്നത് അപകടകരവും ഭരണാധികാരികളുടെ പബ്ലിക്ക് അക്കൗണ്ടബിലിറ്റി ഹനിക്കുന്ന പ്രവര്‍ത്തിയുമാണ്. സര്‍ക്കാര്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും പിണറായി ആവശ്യപ്പെട്ടു.

Content Highlight: Kerala Opposition Leader Pinarayi Vijayan’s Response on Reports of Grant thornton involvement in Re imagining Kerala

We use cookies to give you the best possible experience. Learn more