തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈമലര്‍ത്തിയില്ലെന്നും ഇടപെട്ട് പരിഹരിച്ചെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവോ നിലയങ്ങളിലെ തകരാറുകളോ ഉണ്ടായപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ പരിഹാരമുണ്ടാക്കി മുന്നോട്ടുപോയ സര്‍ക്കാരായിരുന്നു എല്‍.ഡി.എഫിന്റേതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ചോദിക്കുമ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ മറുപടി നല്‍കുന്നത് ‘ഞങ്ങളുടെ കയ്യില്‍ അത്ഭുതങ്ങളൊന്നുമില്ല,’ എന്നാണ്. പ്രതിസന്ധികള്‍ ഈ മേഖലയില്‍ ഉണ്ടാവുമെന്നും എന്നാല്‍ അത് പരിഹരിക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇതാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലെ വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വൈദ്യുതി പ്രതിസന്ധിയുടെ കാര്യത്തില്‍ ഇന്ന് ഒരു മാധ്യമം ഒരു വാര്‍ത്ത കൊടുത്തിട്ടുണ്ട്. അതായത് എല്‍.ഡി.എഫ് കാലത്ത് ഈ പറയുന്ന പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് പറയുന്നു. ആ വാര്‍ത്തയില്‍ തന്നെ അതിന്റെ കുറച്ച് കാരണങ്ങള്‍ പറയുന്നുണ്ട്.
കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി ലഭിക്കാത്ത ചില ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ വരും. ചില നിലയങ്ങളില്‍ തകരാറുകള്‍ വരും. അങ്ങനെ വരുമ്പോള്‍ വൈദ്യുതി ലഭിക്കാത്ത പ്രശ്‌നം വരും.
അങ്ങനെ വരുമ്പോള്‍ അത് കയ്യും കെട്ടി നിസ്സഹായരായി നോക്കി നില്‍ക്കുന്ന നിലയല്ല അന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കൃത്യമായ ഇടപെടലുകള്‍ നടത്തി പ്രശ്‌നം പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ചെയ്തത്,’ പിണറായി പറഞ്ഞു.
എല്‍.ഡി.എഫ് ഭരണകാലത്ത് വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് പരാതിയൊന്നും ഉയര്‍ന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. കൃത്യമായിട്ട് വൈദ്യുതി എല്ലാവര്‍ക്കും ലഭിക്കുന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും ഒരു ദിവസം യന്ത്രത്തകരാര്‍ കൊണ്ടോ പെട്ടെന്ന് ലൈന്‍ മോശമായതുകൊണ്ടോ മറ്റോ വൈദ്യുതി ഇല്ലാതായാല്‍ അതിന് ഗവണ്‍മെന്റിനെ ആരും കുറ്റം പറയില്ല. ഇതുപക്ഷെ തുടര്‍ച്ചയായിട്ടല്ലേ വരുന്നത്. വൈദ്യുതി മന്ത്രിക്ക് തന്നെ പറയാന്‍ പറ്റുന്നില്ലല്ലോ. ഒന്നും പ്രസ്താവിക്കാന്‍ പറ്റുന്നില്ലല്ലോ. അപ്പോള്‍ തീര്‍ത്തും നിസ്സഹായാവസ്ഥയില്‍ ഗവണ്‍മെന്റ് എത്തിയിരിക്കുകയാണെന്നും പിണറായി പറഞ്ഞു. അങ്ങനെ എത്തിയത് ഒരു കെടുകാര്യസ്ഥതയല്ലേയെന്നും അദ്ദേഹം ചോദിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാരും യു.ഡി.എഫ് സര്‍ക്കാരും ഒരുപോലെയാണ് എന്ന് ഇതില്‍ കാണേണ്ടതില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി വൈദ്യുതി ലഭിച്ചിരുന്നു. യു.ഡിഎഫ് സര്‍ക്കാര്‍ തുടങ്ങി കുറച്ചു നാളെ ആയിട്ടുള്ളൂ. അപ്പോഴേക്ക് തന്നെ കാര്യങ്ങള്‍ അവതാളത്തിലായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദീര്‍ഘകാല വൈദ്യുതി കരാര്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റദ്ദേക്കേണ്ടി വന്നത് റെഗുലേറ്ററി കമ്മീഷന്റെ ഇടപെടലിന്റെ ഭാഗമായിട്ടാണെന്നും പിണറായി പറഞ്ഞു. അത് നേരത്തെ താന്‍ വ്യക്തമാക്കിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം വാങ്ങികൊണ്ട് മാത്രമേ കെ.എസ്.ഇ.ബി ഇത്തരം ഒരു കരാറില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ. ആ കരാറിനെ സംബന്ധിച്ച് തന്നെ ചില പരാതികള്‍ ഉണ്ടായിരുന്നു. ആ പരാതികള്‍ എല്‍.ഡി.എഫിന് ഉണ്ടായിരുന്നു. ഇതൊക്കെ പലവട്ടം ഞാന്‍ വ്യക്തമാക്കിയ കാര്യമാണ്.
സാധാരണഗതിയില്‍ നമ്മുടെ വൈദ്യുതി രംഗത്ത് ഇത്തരം ഒരു കരാര്‍ വരുമ്പോള്‍ ആ കരാറിന്റെ കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങണമായിരുന്നു. റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ല. ആ കരാറിനകത്ത് ചില പാളിച്ചകള്‍ ഉണ്ടായിരുന്നു. അത് വേറൊരു ഭാഗമാണ്. അന്ന് അതിനെതിരെ എല്‍.ഡി.എഫ് സംസാരിച്ചതാണ്,’ പിണറായി പറഞ്ഞു.
Content Highlight: Kerala Opposition Leader Pinarayi Vijayan Criticize State Government on Electricity Crisis