തിരുവനന്തപുരം: ജി.എന്‍.എ വൈദ്യുതി കരാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഇതുവരെ നടത്തിയ അവകാശവാദങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് പരസ്യമായി സമ്മതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വിവാദം ശക്തമായപ്പോള്‍ ഉദ്യോഗസ്ഥന്റെ തലയിലേക്ക് ഉത്തരവാദിത്തം കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പിണറായി ഫേസ്ബുക്ക് പോസസ്റ്റില് പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് സമ്മര്‍ദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന സണ്ണി ജോസഫിന്റെ സാക്ഷ്യപ്പെടുത്തലോടെ, മുന്‍ കെ.എസ്.ഇ.ബി ചെയര്മാന് രാജമാണിക്യം ഐ.എ.എസ് ചൂണ്ടിക്കാണിച്ച അഭിപ്രായത്തോടാണ് വകുപ്പ് മന്ത്രിക്കും യോജിപ്പുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കിയും നിലപാടുകള്‍ നിരന്തരം മാറ്റിയും രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പൂര്‍ണമായും പൊളിഞ്ഞിരിക്കുന്നുവെന്നും പിണറായി അഭിപ്രായപ്പെട്ടു.
കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങാന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ജി.എന്‍.എ കരാര്‍ അപ്രായോഗികമാണെന്നും വകുപ്പ് മന്ത്രി തന്നെ തുറന്നുപറഞ്ഞതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ജി.എന്‍.എ എന്നത് വൈദ്യുതി ഉത്പാദകരോ ലൈസന്‍സുള്ള ട്രേഡറോ അല്ല, മറിച്ച് വെറുമൊരു ഇടനില ഏജന്‍സി മാത്രമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ അന്ന് പുച്ഛിച്ചുതള്ളിയ മുഖ്യമന്ത്രിയെ സ്വന്തം മന്ത്രി തന്നെ തിരുത്തിയിരിക്കുന്നു. കരാറിലെ ക്രമക്കേടുകള്‍ പ്രതിപക്ഷം കയ്യോടെ പിടികൂടിയപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി അതില്‍ നിന്നും പിന്മാറിയതെന്ന ഞങ്ങളുടെ നിലപാടിന് വൈദ്യുതി മന്ത്രിയുടെ വാക്കുകള്‍ അടിവരയിടുകയാണെന്നും പിണറായി കുറിച്ചു.
‘ജി.എന്‍.എയ്ക്ക് വേണ്ടി തീരുമാനം എടുത്തത് താന്‍ തന്നെയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രസ്താവിച്ചത് ജനങ്ങള്‍ കേട്ടതാണ്. അതിനാല്‍, വഴിവിട്ട നീക്കങ്ങളും ദുരൂഹമായ ഇടപെടലുകളും നടന്നത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അറിവോടെയോ നേതൃത്വത്തിലോ ഏകപക്ഷീയമായി ആണെന്ന് ഇതോടെ സംശയരഹിതമായി വ്യക്തമാക്കപ്പെട്ടു.
വിവാദം ശക്തമായപ്പോള്‍, മുന്‍ കെ.എസ്.ഇ.ബി ചെയര്മാന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹത്തിന്റെ റിപ്പോര്ട്ടിന്മേല് അന്വേഷണം നടത്തുമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്റെ തലയിലേക്ക് ഉത്തരവാദിത്തം കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഫലത്തില്‍ സ്വന്തം വകുപ്പ് മന്ത്രിക്കെതിരെ കൂടിയാണ് മുഖ്യമന്ത്രി അന്ന് അവിശ്വാസം പ്രകടിപ്പിച്ചത്. എന്നാല്‍, ആ അന്വേഷണം തന്നെയും സര്‍ക്കാരിനെയും വലിയ പ്രതിസന്ധിയിലാക്കുമെന്ന് തിരിച്ചറിഞ്ഞതോടെ അതില്‍ നിന്നും പിന്നോട്ട് പോയി.
കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് സമ്മര്‍ദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന സണ്ണി ജോസഫിന്റെ സാക്ഷ്യപ്പെടുത്തലോടെ, മുന്‍ കെ.എസ്.ഇ.ബി ചെയര്മാന് രാജമാണിക്യം ഐ.എ.എസ് ചൂണ്ടിക്കാണിച്ച അഭിപ്രായത്തോടാണ് വകുപ്പ് മന്ത്രിക്കും യോജിപ്പുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കിയും നിലപാടുകള്‍ നിരന്തരം മാറ്റിയും രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പൂര്‍ണമായും പൊളിഞ്ഞിരിക്കുന്നു,’ പിണറായി കുറിച്ചു.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യങ്ങളെയാണ് അതേ മന്ത്രിസഭയിലെ അംഗം പരസ്യമായി നിരാകരിച്ചത്. മന്ത്രിസഭയിലെ കടുത്ത ഭിന്നതയും കൂട്ടുത്തരവാദിത്തമില്ലായ്മയുമാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
ക്രമക്കേടുകള്‍ക്ക് കളമൊരുക്കിയ ശേഷം ആരോപണം ഉന്നയിക്കുന്നവരെ പരിഹസിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്ക് സ്വന്തം മന്ത്രിസഭയില്‍ നിന്ന് തന്നെ കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ആരാണ് ജിഎന്‍എ കരാറിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇല്ലാത്ത വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പുപറയാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും പിണറായി ചോദിച്ചു.
ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാതെ തന്നെ കേരളത്തിലെ വൈദ്യുതി സാഹചര്യം കൈകാര്യം ചെയ്യാമെന്നാണ് റെഗുലേറ്ററി കമ്മീഷന് ചൂണ്ടിക്കാണിച്ചത്. എന്നാല്‍, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ യാതൊരു ഇടപെടലും നടത്താതെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയ നിഷ്ക്രിയത്വം തുടരാമെന്നല്ല ഇതിനര്‍ത്ഥം. അഴിമതിക്കരാറുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍, മനപൂര്‍വം ഇടപെടലുകള്‍ ഒഴിവാക്കി സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാന്‍ നീക്കമുണ്ടാകുമോ എന്ന ആശങ്ക ഈ പരസ്പരവിരുദ്ധമായ സമീപനങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യഥാര്‍ത്ഥ വസ്തുതകള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. വൈദ്യുതി മന്ത്രിയുടെ വെളിപ്പെടുത്തലുകളില്‍ നിന്ന് ഒളിച്ചോടാതെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് തയ്യാറാകണം. ഈ വിഷയത്തില്‍ അടിയന്തരമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
Content Highlight: Kerala Opposition Leader Pinarayi Vijayan About GNA Electricity Deal