റായ്പൂര്‍: ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ പ്രക്ഷോഭത്തിന് തയ്യാറാകാതെ ചത്തീസ്ഗഡ് കോണ്‍ഗ്രസ്
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കേരളത്തില്‍ വലിയ പ്രതിഷേധം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചപ്പോഴും ചത്തീസ്ഗഡില്‍ യാതൊരു രീതിയിലുള്ള പ്രതിഷേധം ഉയര്‍ത്താനും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.
കന്യാസ്ത്രീകള്‍ കഴിയുന്ന ദുര്‍ഗ് ജയിലില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗേല്‍ ഇന്ന് സന്ദര്‍ശനം നടത്തിയെങ്കിലും അദ്ദേഹം കന്യാസ്ത്രീകളെ കാണാന്‍ തയ്യാറായില്ല.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഭാഗേല്‍ ജയിലില്‍ എത്തിയതെന്നാണ് സൂചന. എന്നാല്‍ അദ്ദേഹം കന്യാസ്ത്രീകളെ കണ്ടിട്ടില്ല.
ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാനാണ് താന്‍ വന്നത് എന്നായിരുന്നു പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്.
ബി.ജെ.പിക്ക് ഇരട്ടത്താപ്പാണെന്നും കേരളത്തില്‍ വോട്ടിന് വേണ്ടി ക്രിസ്ത്യാനികളെ കൂടെകൂട്ടുകയും ഇവിടെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയുമാണെന്നുമായിരുന്നു ഭാഗേല്‍ പറഞ്ഞത്.
എന്നാല്‍ താന്‍ കന്യാസ്ത്രീകളെ കണ്ടിട്ടില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും ഭാഗേല്‍ ആവര്‍ത്തിച്ചു.
എന്നാല്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടുമായി ഭാഗേല്‍ സംസാരിച്ചതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്.
കന്യാസ്ത്രീകളുടെ അറസ്റ്റിനെയും ബി.ജെ.പി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടികളെയും എതിര്‍ത്ത് കഴിഞ്ഞ ദിവസം കെ.പി.സി.സി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഛത്തീസ്ഗഢ് സര്‍ക്കാര്‍ കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജ കുറ്റങ്ങള്‍ ചുമത്തിയെന്നും ജാമ്യം നിഷേധിക്കാനായി എഫ്.ഐ.ആറില്‍ മാറ്റം വരുത്തി ചില വകുപ്പുകള്‍ ചേര്‍ത്തെന്നുമായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്.
കഴിഞ്ഞ ദിവസം ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യാ ബ്ലോക്ക് എം.പിമാരും വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കളായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്തത്. എന്നാല്‍ ചത്തീസ്ഗഡില്‍ നിന്നുള്ള എം.പിമാര്‍ ഈ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.
യു.ഡി.എഫിന്റെ ചില എം.പിമാര്‍ ജയിലില്‍ കന്യാസ്ത്രീകളെ സന്ദര്‍ശിക്കുകയും അവര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിലും ചത്തീസ്ഗഢ് കോണ്‍ഗ്രസ് എം.പിമാര്‍ ഉണ്ടായിരുന്നില്ല.
രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം വിഷയത്തില്‍ ഉയര്‍ത്തുമെന്ന് പറയുമ്പോഴും ചത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ പുലര്‍ത്തുന്ന മൗനം നിഷ്‌ക്കളങ്കമാണെന്ന് പറയാനാവില്ല.
കന്യാസ്ത്രീകളെ ജയിലിലടച്ചതിനെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെയും ഛത്തീസ്ഗഡ് സര്‍ക്കാരിനെയും അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിരുന്നു.
സാധാരണക്കാര്‍ക്കുവേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ അന്യായമായി ജയിലിലടച്ചെന്നും സംഘപരിവാര്‍ മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് അധികാരത്തിലില്ലാത്തപ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്കും സാധാരണക്കാര്‍ക്കും എന്ത് സംഭവിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഛത്തീസ്ഗഢിലെ സംഭവങ്ങളെന്നും ഇന്ത്യയുടെ പ്രതിച്ഛായയെ തകര്‍ക്കുന്ന തരത്തില്‍ ക്രിസ്ത്യാനികള്‍ക്ക് മതസ്വാതന്ത്ര്യവും പ്രാര്‍ത്ഥനാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ഒരു സ്ഥലമായി രാജ്യം മാറിയിരിക്കുന്നുവെന്നുമായിരുന്നു വി.ഡി സതീശന്‍ പറഞ്ഞത്.
അതേസമയം ഇന്ന് റായ്പൂര്‍ ആര്‍ച്ച് ബിഷപ്പിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ജാമ്യത്തിനായി എന്‍.ഐ.എ കോടതിയില്‍ പോകേണ്ടതില്ലെന്നും ഹൈക്കോടതിയെ തന്നെ സമീപിച്ചാല്‍ മതിയെന്നുമുള്ള തീരുമാനത്തിലാണ് എത്തിയത്. നാളെ രാവിലെ ഹരജി ഫയല്‍ ചെയ്യാനും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ എത്തിക്കാനും ആലോചനയുണ്ട്.
Content Highlight: Kerala Nuns Arrest Why Chhattisgarh Congress not ready for agitation