ന്യൂദല്‍ഹി: കേരളത്തിന്റെ പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീര്‍ത്ഥി’ല്‍ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പേരുമാറ്റം സംബന്ധിച്ച 2026ലെ ബില്‍ രാഷ്ട്രപതി നിയമസഭയിലേക്ക് റഫര്‍ ചെയ്യും.
സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി ഉന്നയിക്കുന്ന ആവശ്യമാണ് 2026 നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്.
2024 ജൂണില്‍ കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏകകണ്ഠമായി നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു.
2023ലും സമാനമായി ഒരു പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രമേയം പുതുക്കിയ ശേഷം 2024ല്‍ വീണ്ടും സഭയില്‍ അവതരിപ്പിക്കുകയായിരുന്നു
നിലവിൽ സംസ്ഥാനത്തിന്റെ നിരന്തരമായ ആവശ്യം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പേരുമാറ്റവുമായി ബന്ധപ്പെട്ട ബില്‍ ആദ്യം നിയമസഭയുടെ അംഗീകാരത്തിന് അയക്കും. ശേഷം പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ മറുപടി ലഭിച്ചതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. ബില്ലില്‍ അനുകൂല മറുപടി ഉണ്ടായാല്‍ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ സംസ്ഥാനത്തിന്റെ പേര് ഭേദഗതി ചെയ്യും.
ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടാണ് സംസ്ഥാനം ആദ്യ പ്രമേയം പാസാക്കിയത്.
എന്നാല്‍ ഒന്നാം പട്ടികയില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയെന്നായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. തുടര്‍ന്നാണ് കേരള നിയമസഭ പരിഷ്‌കരിച്ച പ്രമേയം പാസാക്കിയത്.
Content Highlight: Kerala now ‘Keralam’; Union Cabinet approves name change
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ