| Wednesday, 11th March 2026, 2:25 pm

കെ. സുധാകരന്‍ മുതല്‍ ഷാഫി പറമ്പില്‍ വരെ; മത്സരത്തിനിറങ്ങാന്‍ എം.പിമാര്‍; പിന്‍വാങ്ങുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് നേതാക്കള്‍

അനിത സി

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന എം.പിമാര്‍ക്കെതിരെ കടുത്തനിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍. എം.പിമാര്‍ മത്സരത്തിനിറങ്ങുകയാണെങ്കില്‍ തങ്ങള്‍ പിന്‍മാറുമെന്നാണ് നേതാക്കളുടെ ഭീഷണി.

കഴിഞ്ഞദിവസം നടന്ന പ്രാഥമിക ചര്‍ച്ചയില്‍ നേതാക്കള്‍ തങ്ങളുടെ നിലപാടറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കാനിരിക്കെയാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, എം.കെ. രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍ തുടങ്ങിയ എം.പിമാര്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ആദ്യഘട്ടത്തിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് (ബുധനാഴ്ച) വൈകീട്ട് ദല്‍ഹിയില്‍ ചേരും.

ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തി ആദ്യ ഘട്ട പട്ടിക പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ 60 സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ ധാരണയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എം.പിമാര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും ഇന്ന് ഹൈക്കമാന്ഡ് അന്തിമ തീരുമാനം കൈക്കൊണ്ടേക്കാം.

പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ 20ഓളം സിറ്റിങ് സീറ്റുകളില്‍ എം.എല്‍.എമാര്‍ മത്സരിക്കട്ടെയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വമെന്നാണ് സൂചന. പാലക്കാട്, തൃപ്പൂണിത്തുറ തുടങ്ങിയ സിറ്റിങ് മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ക്ക് അവസരം നല്‍കിയേക്കില്ല.

മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കിയ എം.പിമാരെ കഴിഞ്ഞദിവസം കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി ആരും രംഗത്ത് വരേണ്ടതില്ലെന്ന് അദ്ദേഹം താക്കീത് ചെയ്തിരുന്നു.

പരസ്യ പ്രസ്താവനകളും യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കില്ലെന്നും പ്രസ്താവനകള്‍ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

കെ. സുധാകരന്‍, അടൂര്‍ പ്രകാശ് തുടങ്ങിയ എം.പിമാരെ മത്സരത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി രാഹുല്‍ ഗാന്ധി നേരിട്ട് ചര്‍ച്ച നടത്തും.

കണ്ണൂരില്‍ നിന്നും മത്സരിക്കുമെന്നും അക്കാര്യം 110 ശതമാനം ഉറപ്പാണെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlight: From K. Sudhakaran to Shafi Parambil; MPs want to contest; Congress leaders threaten to withdraw

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more