തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന് അന്ത്യോപചാരം അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ചഅനുശോചന പ്രമേയം നിയമസഭ പാസാക്കി. കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച നേതാവായിരുന്നു കലാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളത്തിന്റെ വളര്‍ച്ച ആഗ്രഹിച്ച വ്യക്തിയായിരുന്നു. ഇരുപതു കൊല്ലത്തിലേറെക്കാലം തിരുവനന്തപുരത്ത് താമസിച്ച് ഒരു സാധാരണക്കാരനായും മലയാളിയായും ഇവിടെ ജീവിച്ചു. അവസാന നാളുവരെ കേരളത്തെ സ്‌നേഹിക്കുകയും കഴിവുകള്‍ വിനിയോഗിക്കുകയും ചെയ്തിരുന്ന ആളായിരുന്നു കലാമെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.
സ്പീക്കര്‍ എന്‍ ശക്തന്‍, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എന്നിവരും ഡോ.കലാമിനെ അനുസ്മരിച്ച് സംസാരിച്ചു. അറിവിന്റെ ഉപാസകനായ സ്വപ്നദര്‍ശിയായിരുന്നു കലാമെന്നും രാമേശ്വരത്ത് ജനിച്ചെങ്കിലും മലയാളിയായി അദ്ദേഹം ജീവിച്ചുവെന്നും സ്പീക്കര്‍ പറഞ്ഞു.
കലാമിന്റെ ഭൗതിക ശരീരം കേരളത്തില്‍ പൊതുദര്‍ശനത്തിന് വെക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചിട്ടുണ്ട്. കലാമിന്റെ ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി പറയാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.