| Friday, 5th June 2026, 6:45 pm

കനത്ത മഴ: 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്; 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നാളെ (ശനി) കനത്ത് മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് അവധി.

കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും ഈ അവധി ബാധകമായിരിക്കില്ല.

അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചതായി കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഐ.എ.എസ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് നടപടി.

വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതായും കലക്ടര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതായും കലക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും നാളെ (06.06.2026 ശനിയാഴ്ച) അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും ഈ അവധി ബാധകമായിരിക്കില്ലെന്നും കലക്ടറുടെ പ്രസ്താവനയില്‍ പറയുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലുടനീളം അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

കാസര്‍ഗോഡ് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്നും കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.

Content Highlight: Kerala Monsoon: Red Alert in Malappuram, Kozhikode, Wayanad, Kannur & Kasargod. School College Holiday in 3 districts

We use cookies to give you the best possible experience. Learn more