| Wednesday, 6th August 2025, 1:11 pm

മര്‍ക്കസിന്റെ ചര്‍ച്ച പൊളിക്കുന്നതും നിമിഷ പ്രിയയുടെ മോചനം വൈകിപ്പിക്കുന്നതും തെക്കന്‍ കേരളത്തിലെ യുവ എം.എല്‍.എ: ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം വൈകിപ്പിക്കുന്നത് തെക്കന്‍ കേരളത്തിലെ യുവ എം.എല്‍.എയെന്ന ആരോപണവുമായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്.

മര്‍ക്കസിന്റെ ചര്‍ച്ച പൊളിക്കുന്നത് ഇദ്ദേഹമാണെന്നും മര്‍ക്കസിന് ക്രഡിറ്റ് പോകരുതെന്നാണ് ഇയാളുടെ ഉദ്ദേശമെന്നും കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് പറയുന്നു.

വര്‍ഗ്ഗീയതയും പണക്കൊതിയുമാണ് ഇതിന് പിന്നിലെന്നും പണമുണ്ടാക്കാന്‍ വേറെ വഴി നോക്കണമെന്നും കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് പറഞ്ഞു.

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു മില്യന്‍ ഡോളറിന് കുടുംബവുമായി ധാരണയായതായിരുന്നെന്നും ഇപ്പോള്‍ രണ്ട് മുതല്‍ അഞ്ച് മില്യണ്‍ വരെ ഓഫറുമായി പാസ്റ്ററും സംഘവും ഇറങ്ങിയതോടെ കുടുംബം ആശയ കുഴപ്പത്തിലായെന്നും ഇദ്ദേഹം പറയുന്നു.

ആറ് വര്‍ഷം കുടുംബവുമായി ആരും ചര്‍ച്ച നടത്തിയിരുന്നില്ലെന്നും മര്‍ക്കസ് വഴി യെമനി പണ്ഡിതന്മാര്‍ ഇടപെട്ടതാണ് ചര്‍ച്ചക്ക് വഴി തുറന്നതെന്നും കുഞ്ഞഹമ്മദ് പറയുന്നു.

ദയവ് ഇത്തരക്കാര്‍ വഴി മാറണം. ഇതൊരു ജീവന്‍ വെച്ചുള്ള കളിയാണ്. യെമനിലെ മുസ്‌ലിം പണ്ഡിതര്‍ക്കും അവരുടെ ചര്‍ച്ചക്കും പിന്തുണ നല്‍കി മാറി നില്‍ക്കുകയാണ് വേണ്ടതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.

യമനിലുള്ള പോള്‍ എന്ന പാസ്റ്ററും സാമുവല്‍ ജെറോമുമാണ് നിമിഷയുടെ മോചനത്തിന് തടസ്സം ഉണ്ടാക്കുന്നതെന്നാണ് കുഞ്ഞഹമ്മദ് പറഞ്ഞത്.

ഗോവയും,ഗവര്‍ണ്ണറും പാസ്റ്ററും ജുവാവ് എം.എല്‍.എയും.എവരിത്തിങ്ങ് ഒ.കെ…എന്ന മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

എം.എല്‍.എ എന്തിനാണ് ഈ വിഷയുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ പോയത്. അദ്ദേഹത്തിന്റെ പിതാവ് ഈ വിഷയത്തില്‍ ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു.

അന്നത്തെ വിദേശകാര്യ സഹമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചത് അദ്ദേഹമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ എന്തിനാണ് ഈ വിഷയത്തില്‍ കേരള ഗവര്‍ണറെ സമീപിച്ചതെന്നും അതിന്റെ പിന്നിലെ അജണ്ട എന്താണെന്നും കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് ചോദിച്ചു.

കുഞ്ഞഹമ്മദ് കൂരാച്ചുണ്ടിന്റെ കുറിപ്പ്

മര്‍ക്കസിന്റെ ചര്‍ച്ച പൊളിക്കുന്നത് തെക്കന്‍ കേരളത്തിലെ ഒരു യുവ എം.എല്‍.എ എന്ന ഞെട്ടിക്കുന്ന വാര്‍ത്ത. പാസ്റ്ററിന്റെ ഇടപെടലിന് പിന്നില്‍ അയാള്‍. നിമിഷയുടെ ഭര്‍ത്താവും മകളും പോയത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം.

മര്‍ക്കസിന് ക്രെഡിറ്റ് പോകരുതെന്ന ഉദ്ദേശം പിന്നില്‍..കളിക്കുന്നത് വര്‍ഗ്ഗീയതയും പണക്കൊതിയും. ഒരു മില്യന്‍ ഡോളറിന് കുടുംബവുമായി ധാരണയായിരുന്നു. ആറ് വര്‍ഷം കുടുംബവുമായി ആരും ചര്‍ച്ച നടത്തിയിരുന്നില്ല.

മര്‍ക്കസ് വഴി യെമനി പണ്ഡിതന്മാര്‍ ഇടപെട്ടതാണ് ചര്‍ച്ചക്ക് വഴി തുറന്നത്. ഇപ്പോള്‍ രണ്ട് മുതല്‍ അഞ്ച് മില്യണ്‍ വരെ ഓഫറുമായി പാസ്റ്ററും സംഘവും ഇറങ്ങിയതോടെ കുടുംബം ആശയ കുഴപ്പത്തിലായി.

ദയവ് ഇത്തരക്കാര്‍ വഴി മാറണം.നിങ്ങള്‍ കളിക്കുന്നത് ഒരു ജീവന്‍ വെച്ചുള്ള കളിയാണ്. പണമുണ്ടാക്കാന്‍ വേറെ വഴികള്‍ നോക്കുക. യെമനിലെ മുസ്ലീം പണ്ഡിതര്‍ക്കും അവരുടെ ചര്‍ച്ചക്കും പിന്തുണ നല്‍കി മാറി നില്‍ക്കുക.

Content Highlight: Kerala MLA delaying  Nimishapriya Release Kunhammed koorachund

We use cookies to give you the best possible experience. Learn more