| Friday, 4th March 2016, 9:55 am

കേരളത്തിലെ മന്ത്രിമാരില്‍ മിക്കവരും ദരിദ്രര്‍; സ്വന്തമായി വീടോ കാറോ പോലും ഇല്ലാത്തവര്‍!

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരെല്ലാം സമ്പന്നരാണെന്ന് കരുതിയവര്‍ക്ക് തെറ്റി, യഥാര്‍ത്ഥത്തില്‍ മന്ത്രിമാരില്‍ മിക്കവരും പാവങ്ങളാണ്. സ്വന്തമായി വീടോ കാറോ ഒന്നും ഇല്ലാത്തവര്‍!.

കേട്ടാല്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് 2015 സപ്തംബറില്‍ സമര്‍പ്പിച്ച രേഖയിലാണ് ഈ വിവരങ്ങള്‍ അടങ്ങിയത്.

സ്വന്തം പേരില്‍ ഒരു വീടുപോലുമില്ലാത്തവരാണ് മന്ത്രിമാരായ പി.കെ. ജയലക്ഷ്മിയും ഷിബു ബേബി ജോണും കെ.പി. മോഹനനും.

ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, ഇബ്രാഹിം കുഞ്ഞ്, അടൂര്‍ പ്രകാശ്, എം.കെ. മുനീര്‍, പി.കെ. ജയലക്ഷ്മി, മഞ്ഞളാംകുഴി അലി എന്നിവര്‍ക്ക് സ്വന്തമായി കാറുമില്ല.

എന്തിനേറെ പറയുന്നു നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഒരു എല്‍.ഐ.സി പോളിസി പോലും ഇല്ലത്രേ. ആര്യാടന്‍ മുഹമ്മദ്, കെ.എം. മാണി, സി.എന്‍. ബാലകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, പി.കെ. ജയലക്ഷ്മി എന്നിവര്‍ക്കും സ്വന്തമായി എല്‍.ഐ.സി. പോളിസി ഇല്ല.

ജയലക്ഷ്മിക്കും അടൂര്‍ പ്രകാശിനും ബാങ്ക് അക്കൗണ്ടുപോലുമില്ല. എന്നാല്‍ ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ മുന്നില്‍ നില്ക്കുന്നത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഷിബു ബേബിജോണുമാണ്.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ പേരില്‍ ഒരുകോടിയോളം രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. കുഞ്ഞാലിക്കുട്ടിക്കും ഭാര്യയ്ക്കും കൂടി രണ്ടുകോടിയോളം രൂപയുടെ നിക്ഷേപമാണുള്ളത്.

മന്ത്രി ഷിബു ബേബിജോണിനും ഭാര്യയ്ക്കുംകൂടി അഞ്ചുകോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയം മുനിസിപ്പാലിറ്റിയില്‍ 18 സെന്റ് സ്ഥലത്ത് 2900 ചതുരശ്രയടി വിസ്തൃതിയുള്ള വീടുണ്ട്.് ഒന്നരലക്ഷം രൂപയാണ് ഇതിന് മൂല്യം കാണിച്ചിരിക്കുന്നത്.

കെ.പി. മോഹനന്റെ സ്വത്തിന്റെ കൂട്ടത്തില്‍ അഞ്ചു കന്നുകാലികളുമുണ്ട്. ലീഗ് മന്ത്രിയായ മഞ്ഞളാംകുഴി അലിക്ക് കൈരളി ടി.വി.യില്‍ അഞ്ചുലക്ഷത്തിന്റെ ഓഹരിയുണ്ട്.  മന്ത്രി എം.കെ. മുനീറിന് ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനില്‍ ആറുലക്ഷം രൂപയുടെ ഓഹരിയാണുള്ളത്.

We use cookies to give you the best possible experience. Learn more