| Saturday, 14th December 2013, 10:59 am

ലോക്പാല്‍ ബില്‍: കോണ്‍ഗ്രസിന്റെ നാടകം പൊളിച്ച് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: രാജ്യസഭയില്‍ ആര്‍ക്കോ വേണ്ടി എന്ന വിധം ലോക്പാല്‍ ബില്‍ അവതരിപ്പിച്ച കോണ്‍ഗ്രസിന്റെ നാടകത്തിനെതിരെ കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ പ്രതിഷേധം

സമാജ് വാദി പാര്‍ട്ടിയുടെ ബഹളം മറയാക്കി അവസാന തവണയും സഭ നിര്‍ത്തിവച്ചപ്പോള്‍ ലോക്പാലിന്റെ വഴിമുടക്കുന്നത് നിങ്ങളാണെന്ന് പറഞ്ഞുകൊണ്ട് കേരളത്തില്‍ നിന്നുള്ള അംഗങ്ങളായ കെ.എന്‍ ബാലഗോപാലും പി.രാജീവും ഭരണകക്ഷി അംഗങ്ങളുടെ നേര്‍ക്ക് ചെല്ലുകയായിരുന്നു.

എന്നാല്‍ അംഗങ്ങളുടെ പ്രതികരണത്തില്‍ പതറിയ കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ഇരുവരുടെയും ആരോപണങ്ങള്‍ക്ക് മറുപടിയൊന്നും പറയാതെ ഇറങ്ങിപ്പോയി.

തുടക്കം മുതല്‍ക്കേ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനുള്ള ഭരണപക്ഷത്തിന്റെ താല്‍പ്പര്യക്കുറവ് വ്യക്തമായിരുന്നു. ബില്‍ അവതരണത്തിനായി ചുമതലപ്പെടുത്തിയിരുന്നത് വി.നാരായണ സ്വാമിയെയായിരുന്നു.

ബില്‍ അവതരിപ്പിക്കാനായി ചെയറിലുണ്ടായിരുന്ന പി.ജെകുര്യന്‍ പലതവണ വിളിച്ചതും സ്വാമിയുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മാത്രമല്ല സമാജ് വാദി പാര്‍ട്ടിക്കാരുടെ ബഹളത്തിലായിരുന്നു സ്വാമിയുടെ ശ്രദ്ധ മുഴുവന്‍.

തുടര്‍ന്ന് അടുത്തിരുന്ന മന്ത്രിമാര്‍ സ്വാമിയെ ബില്‍ അവതരിപ്പിക്കുന്നതിനായി എഴുന്നേല്‍ക്കാന്‍ പറഞ്ഞു. അപ്പോഴാകട്ടെ വായിക്കാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ ബില്ലുമുണ്ടായിരുന്നില്ല.

പിന്നീട് ബില്ലിനു വേണ്ടിയുള്ള തിരച്ചിലായി. ഇതിനിടെ കുര്യന്‍ സ്വാമിയെ വിളിച്ചുകൊണ്ടിരിക്കുകയും സ്വാമി ബില്‍ തിരയുകയും ചെയ്തുകൊണ്ടിരുന്നു.

നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ അംഗങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ ധനമന്ത്രി തന്റെ പക്കല്‍ ഉണ്ടായിരുന്ന ബില്ലിന്റെ കോപ്പി സ്വാമിക്ക് കൈമാറി.

ബില്‍ അവതരിപ്പിച്ച് കഴിഞ്ഞപ്പോഴും സമാജ് വാദി പാര്‍ട്ടിക്കാരുടെ ബഹളത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന് പകരം സഭ നിര്‍ത്തിവെക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ജനലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങിയ സാഹചര്യത്തിലാണ് ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more