രഞ്ജി ട്രോഫിയിടെ പുതിയ സീസണില്‍ കേരളം തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ കേരളം ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്.
നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 26 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് നേടിയത്. ഋതുരാജ് ഗെയ്ക്വാദ് 66 പന്തില്‍ 35 റണ്‍സും ജലജ് സക്‌സേന 54 പന്തില്‍ 29 റണ്‍സും നേടി ക്രീസിലുണ്ട്.
മത്സരത്തില്‍ മഹാരാഷ്ട്രയ്ക്ക് വലിയ പ്രഹരം ഏല്‍പ്പിച്ചുകൊണ്ടാണ് കേരളം ബൗളിങ് തുടങ്ങിയത് ഓപ്പണിങ് ഓവറിലെ നാലാം പന്തില്‍ പ്രിഥ്വി ഷായെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് കേരളം തുടങ്ങിയത്. എം.ഡി. നിതീഷിന്റെ തകര്‍പ്പന്‍ എല്‍.ബി.ഡബ്ല്യുവിലൂടെയാണ് പ്രിഥ്വി പുറത്തായത്. തുടര്‍ന്ന് അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ ബേസില്‍ എന്‍.പിയും പൂജ്യത്തിന് പുറത്താക്കി.
മൂന്നാമനായി ഇറങ്ങിയ സിദ്ദേഷ് വീറും പൂജ്യത്തിന് പുറത്തായതോടെ മഹാരാഷ്ട്ര സമ്മര്‍ദത്തിലേക്ക് കൂപ്പുകുത്തി. ക്യാപ്റ്റന്‍ അന്‍കിത് ഭവാനിയെയും പൂജ്യം റണ്‍സിനാണ് ബേസില്‍ പറഞ്ഞയച്ചത്. ആറാമനായി ഇറങ്ങിയ സൗരഭ് നാവലെയെ 12 റണ്‍സിന് പുറത്താക്കി നിതീഷ് വീണ്ടും സ്‌ട്രൈക്ക് തുടര്‍ന്നു. നിലവില്‍ ഗെയ്ക്വാദും ജലജും ക്രീസിലുള്ളതാണ് ടീമിന്റെ ഏക ആശ്വാസം.
കേരളത്തിനായി കഴിഞ്ഞ സീസണുകളില്‍ തിളങ്ങിയ ജലജ് ഇത്തവണ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ എതിരാളി ചെറുതല്ലെന്ന് അറിയാം. എന്നിരുന്നാലും സഞ്ജു സാംസണ്‍ ഏതാനും മത്സരങ്ങളില്‍ ടീമിന്റെ കൂടെ ഉണ്ടാകുമെന്നത് കേരളത്തിന് പോസിറ്റീവാണ്. ഓപ്പണിങ് മാച്ചില്‍ തന്നെ വിജയം സ്വന്തമാക്കാനാണ് മുഹമ്മദ് അസറുദ്ദീന്റെ ക്യാപ്റ്റന്‍സിയില്‍ കേരളം ലക്ഷ്യം വെക്കുന്നത്.