| Monday, 29th September 2025, 12:19 pm

എസ്.ഐ.ആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് എതിരെ (എസ്.ഐ.ആര്‍) ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. തെരഞ്ഞടുപ്പ് അടുക്കുന്ന വേളയില്‍ കേരളത്തില്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം നിഷ്‌കളങ്കമായി കാണാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ നടപടികള്‍ സുതാര്യവുമായിരിക്കണമെന്നും എസ്.ഐ.ആര്‍ എങ്ങനെയാണ് കേരളത്തില്‍ നടപ്പിലാക്കുകയെന്നതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ തീവ്ര പരിഷ്‌കരണം നടത്തുന്നത് 2022 അടിസ്ഥാനമാക്കിയാണ് എന്നത് അശാസ്ത്രീയമാണ്. 1987ന് ശേഷം ജനിച്ചവര്‍ അവരുടെ പിതാവിന്റെയോ മാതാവിന്റെയോ പൗരത്വ രേഖ കൂടി സമര്‍പ്പിച്ചാലേ വോട്ടര്‍ ആകൂവെന്ന എസ്.ഐ.ആറിലെ നിബന്ധന നമ്മുടെ പ്രായപൂര്‍ത്തി വോട്ടവകാശത്തെ ഹനിക്കുന്ന തീരുമാനമാണ്. സാർവത്രിക വോട്ടവകാശത്തിന്റെ പൂർണ ലംഘനമാണിത്,’ മുഖ്യമന്ത്രി പ്രമേയാവതരണത്തിനിടെ പറഞ്ഞു.

പ്രതിപക്ഷം കൂടി അംഗീകരിച്ചതോടെ പ്രമേയം പാസാവുകയായിരുന്നു. പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയെ മുസ്‌ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.എല്‍.എമാര്‍ അഭിനന്ദിച്ചു.

മണ്ണാർക്കാട് എം.എൽ.എ എം. ഷംസുദ്ധീൻ രണ്ട് പ്രധാനപ്പെട്ട ഭേദഗതികൾ പ്രമേയത്തിൽ നിർദേശിച്ചു. ഒന്നാം ഖണ്ഡികയിൽ തെരഞ്ഞടുപ്പ് കമ്മീഷൻ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. അതിന് മുമ്പ് കേന്ദ്രം എന്ന് ചേർക്കണം എന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഈ ഭേദഗതി മുഖ്യമന്ത്രി അംഗീകരിച്ചു.

ന്യൂനപക്ഷങ്ങൾ എന്ന് പറയുന്നതിന് ഒപ്പം പട്ടികജാതി/ പട്ടിക വർഗം വിഭാഗങ്ങൾ എന്ന് കൂടി ഉൾപ്പെടുത്തണമെന്നാണ് എം. ഷംസുദ്ധീൻ നിർദേശിച്ച മറ്റൊരു ഭേദഗതി. അദ്ദേഹത്തിന് പുറമെ, നിരവധി എം.എൽ.എമാരും ഈ ഭേദഗതി നിർദേശിച്ചിരുന്നു. അതോടെ മുഖ്യമന്ത്രി ഈ നിർദേശവും അംഗീകരിച്ചു.

Content Highlight: Kerala Legislative Assembly unanimously passes reslution against Special Intensive Revision

We use cookies to give you the best possible experience. Learn more