| Wednesday, 7th January 2026, 8:49 pm

'വെനസ്വേലയ്ക്കൊപ്പം' ഐക്യദാര്‍ഢ്യവുമായി കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെനസ്വേലയ്ക്കും പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും ഐക്യദാര്‍ഢ്യം. നിയമസഭാ മന്ദിരത്തിന് മുമ്പില്‍ മഡുറോയുടെ കട്ട്ഔട്ട് സ്ഥാപിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വെനസ്വേലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

‘വെനസ്വേലയ്ക്കൊപ്പം, സാമ്രാജ്യത്വത്തിനെതിരെ’ എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡും നിയമസഭയ്ക്ക് മുമ്പില്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സി.പി.ഐ.എം കേരള ഘടകം ഉള്‍പ്പെടെ നിയമസഭാ മന്ദിരത്തില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഇന്ന് (ജനുവരി ഏഴ്) മുതല്‍ ആരംഭിച്ച കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരിന് 13ന് അവസാനിക്കും.

ഇതിനിടെയാണ് വെനസ്വേലന്‍ ജനതയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഐക്യദാര്‍ഢ്യം ശ്രദ്ധയമാകുന്നത്. ശനിയാഴ്ചയാണ് മഡുറോയെയും അദ്ദേഹത്തിന്റെ പങ്കാളിയായ സീലിയ ഫ്‌ലോറന്‍സിനെയും യു.എസ് സേനയുടെ ഭാഗമായ ഡെല്‍റ്റ ഫോഴ്‌സ് ബന്ദികളാക്കിയത്.

വെനസ്വേലയുടെ തലസ്ഥാന നഗരമായ കാരക്കാസിനെ അടക്കം ലക്ഷ്യമിട്ട് യു.എസ് ബോംബാക്രമണവും നടത്തിയിരുന്നു. ഏഴിടത്താണ് യു.എസ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെയാണ് മഡുറോയെയും പങ്കാളിയെയും ബന്ദികളാക്കിയത്.

ശേഷം ഇരുവരെയും ന്യൂയോര്‍ക്കില്‍ എത്തിച്ച് തടവിലാക്കിയിരുന്നു. തുടര്‍ന്ന് വെനസ്വേലക്കെതിരായ യു.എസ് നടപടിയെ വിമര്‍ശിച്ച് തുര്‍ക്കി, ചൈന, ഇറാന്‍, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായ ലിയോ പതിനാലാമന്‍ അടക്കം യു.എസ് നടപടിയെ വിമര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള ഇടത് നേതാക്കളും കോണ്‍ഗ്രസും യു.എസിന്റെ നീക്കത്തില്‍ അതൃപ്തി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ് തുടങ്ങിയവരും സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും വെനസ്വേലന്‍ ജനതയ്ക്കും മഡുറോയ്ക്കും ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ നിന്നും വെനസ്വേലയ്ക്ക് അനുകൂലമായ ശബ്ദം ഉയരുന്നത്.

Content Highlight: Kerala Legislative Assembly International Book Festival in solidarity with ‘Venezuela’

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more