[share]
[]കണ്ണൂര്‍: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ പട്ടയം നല്‍കിയെങ്കിലും ഭൂമി ഇതുവരെ നല്‍കിയില്ലെന്നു പരാതിയുയര്‍ന്നു. എന്നാല്‍ പദ്ധതിയുടെ ആദ്യം ഘട്ടം നടപ്പിലാക്കാതെ രണ്ടാം ഘട്ടത്തിന്റെ അപേക്ഷ വിതരണം ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കി.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് കേന്ദ്രമന്ത്രി ജയറാം രമേഷ് കണ്ണൂരിനെ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചത്. 11,106 പേര്‍ക്ക് അന്ന് ഭൂമിയുടെ പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇതില്‍ 73 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതവും ബാക്കി 11,033 പേര്‍ക്ക് മൂന്നു സെന്റ് വീതവും എന്നിങ്ങനെയാണ് വാഗ്ദാനം ഉണ്ടായിരുന്നത്.
എന്നാല്‍ പട്ടയം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരാള്‍ക്കുപോലും സ്വന്തം ഭൂമി ഏതെന്നു കണ്ടെത്തി കൊടുക്കാന്‍ റവന്യൂ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിതരണം ചെയ്യേണ്ട സ്ഥലം കാടു വെട്ടിയശേഷം അളന്നു മൂന്നുസെന്റ് പ്ലോട്ടുകളായി തിരിക്കുകയും ചെയ്തിരുന്നു. ഭൂമി കാണിച്ചുകൊടുക്കല്‍ നടക്കാതായതോടെ സ്ഥലത്ത് വീണ്ടും കാട് കയറിയിട്ടുണ്ട്.
അതേസമയം ഒന്നാം ഘട്ട പദ്ധതിയുടെ വിതരണം നടത്താതെ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പട്ടയ വിതരണത്തിന്റെ അറിയിപ്പ് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ കേരളം മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് പ്രഖ്യാപന വേളയില്‍ കേന്ദ്രമന്ത്രി ജയറാം രമേശ് പറഞ്ഞിരുന്നു. പ്രസ്തുത പദ്ധതിയിലൂടെ ഭൂമി ലഭിക്കുന്നവര്‍ക്ക് വീട് വെക്കാന്‍ ഇന്ദിര ആവാസ് യോജനയുടെ സഹായം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.