കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘമെത്തി. ഇതോടെ അതിര്‍ത്തിയില്‍ രോഗികളെ കടത്തി വിടുമെന്ന വിഷയത്തില്‍ അയവുവരും.
കേരളവും കര്‍ണാടകവും അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘം അനുമതി നല്‍കുന്നവര്‍ക്ക് മംഗളൂരുവില്‍ ചകിത്സയ്ക്കായി പോകാം.
തലപ്പാടി ചെക്പോസ്റ്റ് വഴി കര്‍ണാടകയിലെ ആശുപത്രികളിലേക്ക് കൊവിഡ് ഇല്ലാത്ത രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചെക്പോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതില്‍ ഏതു ആശുപത്രിയിലാണ് ചികിത്സ തേടുന്നതെന്ന് വ്യക്തമാക്കണം. പരിശോധിക്കാന്‍ ചെക്പോസ്റ്റില്‍ കര്‍ണാടകയുടെ മെഡിക്കല്‍ സംഘമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വയനാട് ജില്ലയിലെ ആശുപത്രികളില്‍ കര്‍ണാടകയില്‍ നിന്ന് ചികിത്സക്കെത്താനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസര്‍കോട്ടു നിന്ന് സംസ്ഥാനത്തേക്ക് കടക്കുന്ന അതിര്‍ത്തി കര്‍ണാടകം അടച്ച നടപടിയില്‍ ധാരണയായെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘം എത്തിയിരുന്നില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തലപ്പാടി ചെക്ക്പോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിയാല്‍ കര്‍ണാടകയിലെ മെഡിക്കല്‍ സംഘം പരിശോധിച്ച് കടത്തിവിടുമെന്നായിരുന്നു കര്‍ണാടക കേരളത്തെ തിങ്കളാഴ്ച അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു.
എന്നാല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വരെ തലപ്പാടിയില്‍ ചൊവ്വാഴ്ചയും തടഞ്ഞിരുന്നു.
അതേസമയം കര്‍ണാടക അതിര്‍ത്തി അടച്ച വിഷയത്തില്‍ ധാരണയായെന്നും രോഗികളുമായി പോകുന്ന വാഹനങ്ങള്‍ തലപ്പാടി വഴി വിടാന്‍ കരാറാക്കിയതായും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.