| Saturday, 13th December 2014, 3:26 pm

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമനിര്‍മാണം നടത്തണം: ദേശീയ സെമിനാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണമെന്ന് ദേശീയ സെമിനാര്‍. കേരളാ ജേണലിസ്റ്റ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ സെമിനാറാണ് ഈ ആവശ്യ മുന്നയിച്ചത്.

സെമിനാര്‍ ആന്ദ്രാ പ്രദേശ് യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സ് പ്രസിഡന്റ് ഡി സോമസുന്ദരം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന അക്രമങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ആക്രമണങ്ങളും മറ്റും ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. കുറ്റവാളികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാകണം ആ നിയമമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ഇവിടെ 12 വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 73 മാധ്യമപ്രവര്‍ത്തകരാണ്. എന്നാല്‍ ഈ കേസുകളിലൊന്നിലും കുറ്റവാളികളെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആസാം ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 25 വര്‍ഷത്തിനുള്ളില്‍ ഇവിടെ 26 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 23 കേസുകളും വിചാരണയുടെ വിവിധ ഘട്ടങ്ങളിലാണ്. മൂന്നു കേസിന്റെ വിശദാംശങ്ങളൊന്നും ലഭ്യമല്ല. ഈ രീതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീരില്‍ തീവ്രവാദികളുടെയോ, സുരക്ഷാ സേനയുടേയോ ആക്രമണങ്ങളില്‍ 20 ലധികം മാധ്യമപ്രവര്‍കരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി അതിലും മോശമാണ്. ഇവിടെ സായുധസേന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സെമിനാറില്‍ ഡി.എസ്.ആര്‍ സുഭാഷ് (പ്രസിഡന്റ്, തമിഴ്‌നാട് യൂണിയന്‍ ജേര്‍ണലിസ്റ്റ്‌സ്), മതി മഹാരാജ ( പ്രസിഡന്റ്, പോണ്ടിച്ചേരി ജേണലിസ്റ്റ് യൂണിയന്‍), എന്‍.പി ചേക്കുട്ടി (എഡിറ്റര്‍, തേജസ് ദിനപത്രം), മുഹമ്മദ് സുഹൈല്‍ (മാനേജിങ് എഡിറ്റര്‍, ഡൂള്‍ ന്യൂസ്.കോം), എ. സജീവന്‍ (എക്‌സിക്യുട്ടീവ് എഡിറ്റര്‍, സുപ്രഭാതം ദിനപത്രം) തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു.

ഡി അമര്‍ (സെക്രട്ടറി ജനറല്‍, ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് യൂണിയന്‍) അധ്യക്ഷനായിരുന്നു. രാജേഷ് പടനിലം( ചെയര്‍മാന്‍, സ്വാഗതസംഘം) സ്വാഗതം പറഞ്ഞു. അരവിന്ദന്‍ മായനാട് (ജനറല്‍ കണ്‍വീനര്‍ സ്വാഗതസംഘം) നന്ദി രേഖപ്പെടുത്തി.

Latest Stories

We use cookies to give you the best possible experience. Learn more