കോട്ടയം: താന്‍ നൂറ് ശതമാനം പിണറായി വിരുദ്ധനാണെന്ന് കേരള ജനപക്ഷം സെക്കുലര്‍ നേതാവും പി.സി. ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്. മുഖ്യമന്ത്രിയോടുള്ള തന്റെ പോരാട്ടം വ്യക്തിവിരോധത്തില്‍ നിന്ന് തുടങ്ങിയതാണെന്നും പാലാ നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കൂടിയായ ഷോണ്‍ പറഞ്ഞു.
24 ന്യൂസിലെ ജെന്‍ സി മാനിഫെസ്റ്റോ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഷോണ്‍ ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.
പി.സി. ജോര്‍ജിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണായി വിജയനോടുള്ള വിരോധം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ അപ്പനെ, പി.സി. ജോര്‍ജ് എന്ന് പറയുന്ന ഒരാളെ… പോലീസ് മുഴുവന്‍ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തുകൊണ്ട് പോയപ്പോള്‍ തുടങ്ങിയതാണ് ആ വിരോധം. ഇയാള്‍ക്കിട്ടൊന്ന് കൊടുക്കണമെന്ന് ഞാന്‍ അന്ന് തീരുമാനിച്ചതാണ്.
നോട്ടീസ് അയച്ചാല്‍ ഏത് സ്റ്റേഷനിലും ഹാജരാകേണ്ട ഒരു മനുഷ്യനാണ് അദ്ദേഹം. കേരളത്തിലെ ഏതെങ്കിലും എയര്‍പോര്‍ട്ടില്‍ നിന്ന് പി.സി. ജോര്‍ജിന് ആരും കാണാതെ പോകാന്‍ പറ്റുമോ? എന്നിട്ടും അദ്ദേഹത്തെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുക എന്നൊക്കെ പറയുന്നത്… അന്ന് തുടങ്ങിയതാണ് ഈ വാശി,’ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയോടുള്ള വ്യക്തിപരമായ വിരോധം കൊണ്ട് തന്നെയാണ് നിയമയുദ്ധം തുടങ്ങിയതെന്ന് ഷോണ്‍ ജോര്‍ജ് തുറന്നുപറഞ്ഞു. എന്നാല്‍ പിന്നീട് താന്‍ പിടിച്ച മഞ്ഞുമലയുടെ വലിപ്പം മനസ്സിലായെന്നും, ഇപ്പോള്‍ ഇത് ജനങ്ങളോടുള്ള പ്രതിബദ്ധതയായി മാറിയെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദം തന്റെ അധ്വാനമാണെന്നും, പിണറായി വിജയന്‍ എന്ന വ്യക്തിയല്ല, മറിച്ച് അധികാര ദുര്‍വിനിയോഗമാണ് തന്റെ പ്രശ്‌നമെന്നും കൂട്ടിച്ചേര്‍ത്തു.
താന്‍ പിണറായി വിജയന്റെ മകള്‍ എന്ന നിലയിലുള്ള ആനുകൂല്യം പറ്റി കൈക്കൂലി വാങ്ങിയതിനെതിരെ മാത്രമാണ് സംസാരിച്ചതെന്നും വ്യക്തിപരമായ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
Content Highlight: Kerala Janapaksham Secular leader Shaun George says he is 100 percent anti-Pinarayi Vijayan.