| Thursday, 10th July 2025, 3:02 pm

ആരോഗ്യമേഖലയിൽ കേരളം മാതൃക; സർക്കാരിനെ പ്രശംസിച്ച് ഗവർണർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. 2023- 24 വര്‍ഷത്തില്‍ കേരളം രാജ്യത്തെ ആരോഗ്യമേഖലയില്‍ നാലാം സ്ഥാനത്താണ്.

ഇത് മികച്ച നേട്ടമാണെന്നും സര്‍ക്കാരിന്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും എല്ലാവരും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം.

സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ ആരോഗ്യവകുപ്പിനെ ഗവർണർ അഭിനന്ദിക്കുകയും കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും പറഞ്ഞു. എന്നാല്‍ സര്‍വകലാശാല പ്രശ്‌നവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ ഒറ്റവരിയിലാണ് മറുപടി നൽകിയത്.

‘ഇവിടെ അകത്തും പലതും നടക്കുന്നുണ്ടല്ലോ, അത് കവർ ചെയ്യൂ’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. മന്ത്രിസഭാ യോഗം കഴിയാത്തതുകൊണ്ട് പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. എന്നാൽ മന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ലിസ്റ്റിലും ഗവർണ‌റുടെ പരിപാടി ഉൾപ്പെടുത്തിയിരുന്നില്ല.

Content Highlight: Kerala is a model in the health sector; Governor praises the government

We use cookies to give you the best possible experience. Learn more