മലപ്പുറം: നറുക്കെടുപ്പ് തട്ടിപ്പില്‍ പൊലീസ് നടപടിയെടുത്തതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ പാണ്ടിക്കാട് കുഞ്ഞാനെ കേരള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റി സസ്‌പെന്‍ഡ് ചെയ്തു. നറുക്കെടുപ്പിലെ സുതാര്യത ഇല്ലായ്മ ചൂണ്ടിക്കാട്ടിയാണ് അന്വേഷണവിധേയമായി കുഞ്ഞാനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
പാണ്ടിക്കാട് കുഞ്ഞാന് കീഴില്‍ നടന്ന നറുക്കെടുപ്പ് തട്ടിപ്പില്‍ അടിയന്തര അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. തട്ടിപ്പിനെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി മലപ്പുറം ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് കേരള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റിയുടെ നടപടി.
ലോട്ടറി തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഇടപെട്ടിരുന്നു. സമാനമായ എല്ലാ കൂപ്പണ്‍ തട്ടിപ്പുകളെക്കുറിച്ചും അന്വേഷിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.
കുടക് സ്വദേശിയായ നാസര്‍ എന്നയാളുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ എന്ന പേരിലാണ് പാണ്ടിക്കാട് കുഞ്ഞാന്‍ ഇത്തരത്തിലൊരു നറുക്കെടുപ്പ് സംഘടിപ്പിച്ചത്. 1000 രൂപ വിലവരുന്ന കൂപ്പണുകള്‍ വില്‍പന നടത്തി നറുക്കെടുപ്പിലൂടെ സമ്മാനമെന്ന നിലയില്‍ നാസറിന്റെ ഉടമസ്ഥതയിലുള്ള വീടും വാഹനങ്ങളും വില്‍പന നടത്തുകയായിരുന്നു പദ്ധതിയിലൂടെ ഉദ്ദേശിച്ചത്. ഒന്നാം സമ്മാനമായി 14 സെന്റിലുള്ള 2400 ചതുരശ്ര അടിയുള്ള വീടും പിന്നീടുള്ള സമ്മാനങ്ങളായി വാഹനങ്ങളും നല്‍കാനായിരുന്നു പദ്ധതി.
ഇതു പ്രകാരം പാണ്ടിക്കാട് കുഞ്ഞാന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പ് നടത്തുകയും ചെയ്തു. എന്നാല്‍ നറുക്കെടുപ്പ് തട്ടിപ്പായിരുന്നു എന്നാണ് ഉയര്‍ന്ന ആരോപണങ്ങള്‍. പ്രധാനപ്പെട്ട സമ്മാനങ്ങലെല്ലാം ലഭിച്ചത് പാണ്ടിക്കാട് കുഞ്ഞാനുമായും വീടിന്റെ ഉടമസ്ഥനായ നാസറുമായുമെല്ലാം ബന്ധപ്പെട്ടവര്‍ക്ക് തന്നെയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇത് തികഞ്ഞ തട്ടിപ്പാണെന്ന് ലോട്ടറി വകുപ്പും കണ്ടെത്തിയിരുന്നു. കൂടാതെ ഇന്റേണല്‍ വിജിലന്‍സ് ആന്‍ഡ് ഇന്‍സ്പെക്ഷന്‍ വിങ്ങും ഈ തട്ടിപ്പിനെതിരെ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതിന് പുറമെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും തട്ടിപ്പിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
രാജ്യത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമെ ലോട്ടറി സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നിയമപരമായി അനുവാദമുള്ളു. ഈ നിയമം ലംഘിച്ചാണ് പാണ്ടിക്കാട് കുഞ്ഞാന്‍ വീടും പുരയിടവും സമ്മാനമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് പതിനായിരക്കണക്കിന് ആളുകളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് ലോട്ടറി തട്ടിപ്പ് നടത്തിയത്.
Content Highlight: Kerala Influencers Community suspends Pandikkad Kunjan for lottery fraud