| Sunday, 7th September 2025, 8:55 am

കേരളത്തിലെ ശിശുമരണ നിരക്ക് യു.എസിനേക്കാള്‍ കുറവ്; അഭിമാന നേട്ടമെന്ന് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണ നിരക്ക് യു.എസിലേതിനേക്കാള്‍ കുറവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ ശിശുമരണ നിരക്ക് അഞ്ചായി കുറഞ്ഞതായും ഇത് യു.എസിനേക്കാള്‍ കുറവാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

യു.എസിലെ ശിശുമരണ നിരക്ക് 5.6 ആണ്. അതേസമയം രാജ്യത്തെ ശിശുമരണ നിരക്ക് 25 ആയി കുറഞ്ഞിട്ടുണ്ട്. 2013ല്‍ ഈ നിരക്ക് 40 ആയിരുന്നു. അവസാന പത്ത് വര്‍ഷത്തിനിടയില്‍ ശിശുമരണ നിരക്കില്‍ 37.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതോടെയാണ് റെക്കോര്‍ഡ് നിലയിലെത്തിയത്.

രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ 2023ലെ സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (എസ്.ആര്‍.എസ്) റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ രാജ്യത്ത് ഗ്രാമീണ-നഗര മേഖലകളില്‍ ശിശുമരണ നിരക്കില്‍ വലിയ അന്തരമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ശരാശരി ഗ്രാമീണ മേഖലയില്‍ 28ഉം നഗര മേഖലയില്‍ 19ഉം ആണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം കേരളത്തില്‍ ഇരുമേഖലകളിലും ഒരുപോലെ മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞുവെന്നും വീണ ജോര്‍ജ് പറഞ്ഞു.

കേരളത്തിന്റെ നിരക്കില്‍ ഗ്രാമ-നഗര വ്യത്യാസമില്ല. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഒരുപോലെ ആരോഗ്യ സേവനങ്ങള്‍ (ഹെല്‍ത്ത് കെയര്‍ ആക്‌സിസിബിലിറ്റി) ജനങ്ങള്‍ക്ക് പ്രാപ്തമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനും പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ നടത്തുന്നതിനും അക്ഷീണം പ്രവര്‍ത്തിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. കേരളത്തിന്റെ ഈ നേട്ടം ഒരു അഭിമാന നിമിഷമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യയുടെ ശിശുമരണ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 80 ശതമാനമാണ് കുറഞ്ഞത്. ഒരു വയസിന് താഴെയുള്ള 1000 കുട്ടികളില്‍ മരിക്കുന്നവരുടെ എണ്ണം പരിഗണിച്ചാണ് ശിശുമരണ നിരക്ക് രേഖപ്പെടുത്തുന്നത്.

സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ളത് മണിപ്പൂരിലാണ്. ഒന്നാം സ്ഥാനത്തുള്ള ഇവിടുത്തെ നിരക്ക് മൂന്ന് മാത്രമാണ്. 28 ലക്ഷം മാത്രമാണ് മണിപ്പൂരിലെ ജനസംഖ്യ.

എന്നാല്‍ രാജ്യത്തെ 21 വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത് കേരളത്തിലാണ്. വലിയ സംസ്ഥാനങ്ങളില്‍ ഒറ്റ അക്ക ശിശുമരണ നിരക്ക് രേഖപ്പെടുത്തിയ ഏക സംസ്ഥാനവും കേരളം തന്നെയാണ്.

Content Highlight: Kerala’s infant mortality rate is lower than America; Veena George says it’s a proud moment

We use cookies to give you the best possible experience. Learn more