| Tuesday, 28th January 2025, 10:47 am

കേന്ദ്രബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം; 24000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് നീതിയുക്തമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജയ്‌സല്‍മീറില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച പ്രീ-ബജറ്റ് കണ്‍സള്‍ട്ടേഷനില്‍ കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും അറിയിച്ചതായും അത് സംബന്ധിച്ച മെമ്മോറാണ്ടം നല്‍കിയതായും മന്ത്രി പറഞ്ഞു.

പ്രീ-ബജറ്റ് കണ്‍സള്‍ട്ടേഷനില്‍ ആവശ്യപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജിന് അനുകൂലമായ പ്രതികരണമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്താന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപം വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും സഹായകരമാവുന്ന നടപടികള്‍ കേന്ദ്ര ബജറ്റിലുണ്ടാവുമെന്നും പറഞ്ഞ മന്ത്രി ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിന്ന് പ്രയോജനം നേടുന്നതെന്നും പറഞ്ഞു.

ആനുകൂല്യങ്ങളും അവസരങ്ങളും എല്ലാവരിലേക്കും എത്തിക്കാന്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെ അശാസ്ത്രീതമായ കടമെടുപ്പ് മാനദണ്ഡങ്ങള്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്നും സംസ്ഥാനം പറയുന്നു.

ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റും നിര്‍ത്തലാക്കിയതും കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ചതുമെല്ലാം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായും പ്രത്യേക പാക്കേജിലൂടെ മാത്രമേ ഇത് മാറികടക്കാന്‍ കഴിയൂവെന്നും സംസ്ഥാനം പറയുന്നു.

വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പിനായുള്ള ധനസഹായവും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

വിഴിഞ്ഞം പദ്ധതി, കുടില്‍ വ്യവസായം, പ്രവാസികള്‍ക്കായുള്ള ഫണ്ടുകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Content Highlight: Kerala hopes for central budget; Demanding a special package of 24000 crores, K.N. Balagopal

We use cookies to give you the best possible experience. Learn more