തിരുവനന്തപുരം: രാജ്യത്തെ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി രാജി വെക്കേണ്ടതായിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന ഈ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിശ്വാസമില്ല,’ ചെന്നിത്തല പറഞ്ഞു.
ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് കമ്മീഷനിന്റെ നേതൃത്വത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തുക എന്ന് പറഞ്ഞാല്‍ അതൊരു തട്ടിപ്പ് ആയിരിക്കും. അതുകൊണ്ട് ഇന്ത്യയിലെ ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കുന്ന കമ്മിറ്റി പുനസംഘടിപ്പിക്കണം. ചീഫ് ജസ്റ്റിസിനെ കൂടി ആ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യം ശക്തമാകുകയും നിലനില്‍ക്കുകയുമുള്ളൂ. എന്നാലേ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാവുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
ഗ്യാനേഷിന്റെ രാജിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുനസംഘടിപ്പിക്കലുമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികള്‍ കോണ്‍ഗ്രസ് മുന്നോട്ടു കൊണ്ടുപോവുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ എല്ലാ പ്രതിപക്ഷത്ത് നില്‍ക്കുന്ന കക്ഷികളെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിനാണ് എ.ഐ.സി.സി നേതൃത്വം കൊടുക്കാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Kerala Home Minister Ramesh Chennithala Demands Resignation of Chief Election Commissioner Gyanesh Kumar