കൊച്ചി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം പരിശോധിക്കുന്നതിനായി ഒരു ഇടക്കാല സമിതി രൂപീകരിക്കണമെന്ന സംസ്ഥാന സര്‍ക്കറിന്റെ നിര്‍ദേശം അംഗീകരിച്ച് ഹൈക്കോടതി. തെരുവുനായയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഇടക്കാല സമിതിക്ക് പുറമെ ഒരു സ്ഥിരം സംവിധാനത്തിനുള്ള നിയമനിര്‍മാണം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് പേവിഷബാധയും നായയുടെ ആക്രമണവും രേഖപ്പെടുത്തുന്നത് ദിനംപ്രതി വര്‍ധിക്കുകയാണെന്നും കോടതി പറഞ്ഞു. തെരുവുനായശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാര്‍ത്ഥിനി കീര്‍ത്തന സരിന്‍ നല്‍കിയ ഹരജി ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് സി.എസ്. ഡയസാണ് കേസ് പരിഗണിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും തെരുവുനായ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. മൃഗങ്ങള്‍ക്ക് ചില അവകാശങ്ങളുമുണ്ട്. എന്നാല്‍ മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുതാണ് മനുഷ്യാവകാശമെന്ന് ജസ്റ്റിസ് ഡയസ് ചൂണ്ടിക്കാട്ടി.
അതുകൊണ്ട് തന്നെ അനാസ്ഥകളില്ലാതെ ബന്ധപ്പെട്ട അധികാരികാരികള്‍ നായ്ക്കളുടെ വന്ധ്യംകരണവും വാക്‌സിനേഷനും പതിവായി നടത്തണമെന്നും കോടതി പറഞ്ഞു. എ.ബി.സി നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.
‘ഈ പ്രശ്‌നത്തില്‍ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഒരു മനുഷ്യന്‍ ഒരു മൃഗത്തെ ആക്രമിച്ചാല്‍ അത് കുറ്റകരമാണ്. എന്നാല്‍ ഒരു മൃഗം മനുഷ്യനെ ആക്രമിച്ചാല്‍ ഉടമസ്ഥനായിരിക്കും കുറ്റക്കാരന്‍. തെരുവുനായ്ക്കളെ സംബന്ധിച്ചിടത്തോളം കസ്റ്റോഡിയന്‍ എന്ന് പറയുന്നത് തദ്ദേശ സ്വയംഭരണ വകുപ്പാണ്,’ കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെ തെരുവുനായ പ്രശ്‌നത്തില്‍ പൊതുതാല്‍പര്യ ഹരജി നല്‍കാനെത്തിയ മൃഗസ്‌നേഹി സാബു സ്റ്റീഫനെ കോടതി വാക്കാല്‍ വിമര്‍ശിക്കുകയും ചെയ്തു. ‘എല്ലാ തെരുവുനായ്ക്കളെയും നല്‍കാം, കൊണ്ടുപൊയ്‌ക്കോളൂ,’ എന്ന് കോടതി വാക്കാല്‍ പരാമര്‍ശിക്കുകയായിരുന്നു.
തെരുവുനായ ആക്രമണങ്ങള്‍ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കുമോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
അതേസമയം സംസ്ഥാനത്ത് ഈ വര്‍ഷം രേഖപ്പെടുത്തിയ തെരുവുനായ ആക്രമണങ്ങളുടെ എണ്ണം, ഇരകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം എന്നിവയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് ഏകദേശം മൂന്ന് ലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇന്നലെ (തിങ്കള്‍) സുപ്രീം കോടതിയും തെരുവുനായ ശല്യത്തില്‍ ഇടപെട്ടിരുന്നു. സ്വമേധയാ റിട്ട് ഫയല്‍ ചെയ്തുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പേവിഷബാധയേറ്റ് ആറുവയസുകാരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടല്‍.
Content Highlight: Human rights are greater than animal rights; Kerala Highcourt on street dog harassment