| Saturday, 14th November 2026, 12:24 pm

കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമസഭയ്ക്ക് നിര്‍ദേശവുമായി ഹൈക്കോടതി

ദേവിക ജയചന്ദ്രന്‍

കൊച്ചി: കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടി പരിഗണിച്ച് നിയമം ലംഘിക്കുന്ന കുട്ടികളുടെ ( Child in Conflict with Law) പ്രായപരിധി 18ല്‍ നിന്നും 16 ആക്കി കുറക്കുന്നത് പരിഗണിയ്‌ക്കേണ്ട സമയമായെന്ന് കേരള ഹൈക്കോടതി. 16 വയസാകുമ്പോഴേക്കും കുട്ടികള്‍ക്ക് മതിയായ പക്വത കൈവരുന്നുവെന്ന നിലവിലെ പ്രവണതയും പരിഗണിക്കണമെന്ന് ജസ്റ്റിസ് എ.ബദറുദീന്‍ നിരീക്ഷിച്ചു.

കേരള അബ്കാരി നിയമത്തിലെ 15എ, 15ബി വകുപ്പുകള്‍ പ്രകാരം 23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ ബാറുകളും എക്‌സൈസ് ഉദ്യോഗസ്ഥരും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഓണ്‍ലൈന്‍ വാര്‍ത്താ പ്രവര്‍ത്തകന്‍ വിനോദ് വിക്രമന്‍ പിള്ളയാണ് ഹരജി സമര്‍പ്പിച്ചത്.

നിയമം ലംഘിച്ച് കേരളത്തിലെ ബാറുകള്‍ പ്രായം പരിശോധിക്കാതെ 23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്. മദ്യലഹരിയില്‍ 19കാരന്‍ ഓടിച്ച കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച വാഹനാപകടവും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നെടുമ്പാശേരിയിലെ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 19 വയസുള്ള പ്രതികള്‍ അപകടത്തിന് മുമ്പ് എറണാകുളത്തെ വിവിധ ബാറുകളില്‍ നിന്നും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നെന്നും ഹരജിയില്‍ പറയുന്നു.

16 വയസാവുമ്പോഴേക്കും കുട്ടികള്‍ക്ക് മതിയായ പക്വത കൈവരിക്കുന്നുവെന്ന നിലവിലെ പ്രവണത കണക്കിലെടുത്ത് ജുവനൈല്‍ നീതിയും നിയമവുമായി സംഘര്‍ഷത്തിലാകുന്ന കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം നിയമനിര്‍മാണ സഭകള്‍ പരിഗണിക്കണം എന്നാണ് ഹരജി പരിഗണിക്കുമ്പോള്‍ കോടതി പറഞ്ഞത്.

‘നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി പ്രായപരിധി 16 ആയി കുറയ്ക്കുന്ന കാര്യം നിയമനിര്‍മാണ സഭകള്‍ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ വിഷയം ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്,’ കോടതി നിരീക്ഷിച്ചു.

18 വയസില്‍ താഴെയുള്ളവര്‍ പോലും മദ്യപിച്ച് വാഹനാപകടങ്ങള്‍ ഉണ്ടാക്കിയ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

’18 വയസ്സില്‍ താഴെയുള്ളവര്‍ മദ്യം കഴിച്ചശേഷം മാരകമായ വാഹനാപകടങ്ങള്‍ക്കും മറ്റ് അപകടങ്ങള്‍ക്കും കാരണമാകുന്ന സമീപകാല സംഭവങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്. നിയമപരമായ നിയന്ത്രണങ്ങള്‍ അവഗണിച്ച് എളുപ്പത്തില്‍ മദ്യം ലഭ്യമാകുന്നതിന്റെ ആനുകൂല്യം ഇവര്‍ ഉപയോഗപ്പെടുത്തുകയാണ്. അതിനാല്‍ ഈ ഹരജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട്,’ കോടതി വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും ചില ബാര്‍ ഹോട്ടലുകളുടെ നടത്തിപ്പുകാരും ലൈസന്‍സികളും തമ്മില്‍ തുടര്‍ച്ചയായ അഴിമതിപരമായ ക്രിമിനല്‍ കൂട്ടുകെട്ടുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. കേസ് തുടര്‍പരിഗണയ്ക്കായി നവംബര്‍ 24ലേക്ക് മാറ്റി.

ഇക്കാര്യത്തില്‍ സ്വതന്ത്ര വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ഹരജിക്കാരന്‍ വ്യക്തമാക്കി.

എന്നാല്‍ നിവേദനങ്ങളില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആവശ്യങ്ങളില്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlight: Kerala High Court says the Legislature should  consider reducing age of juveiles from 16 to 18.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more