| Tuesday, 11th February 2025, 6:57 pm

മസ്തിഷ്ക മരണം നിർവചിക്കാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളൂ, ഇന്ത്യയിൽ മസ്തിഷ്ക മരണമെന്ന ആശയം പുനഃപരിശോധിക്കാൻ കഴിയില്ല: ഡോ ഗണപതിയുടെ ഹരജി തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മസ്തിഷ്ക മരണം നിർവചിക്കാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളൂ എന്നതിനാൽ ഇന്ത്യയിൽ മസ്തിഷ്ക മരണം എന്ന ആശയം പുനഃപരിശോധിക്കാൻ കഴിയില്ലെന്ന് വിധിച്ച് കേരള ഹൈക്കോടതി.

1994ലെ അവയവങ്ങളുടെയും ടിഷ്യൂകളുടെയും മാറ്റിവയ്ക്കൽ നിയമം (THOTA) വഴി പാർലമെന്റ്, മസ്തിഷ്ക മരണത്തെയും ഇന്ത്യയിലെ മസ്തിഷ്ക മരണം സംഭവിച്ച രോഗികളിൽ നിന്ന് അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള നടപടിക്രമത്തെയും അംഗീകരിച്ചിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

മസ്തിഷ്ക മരണം എന്ന ആശയത്തെ ചോദ്യം ചെയ്ത്, അത് അശാസ്ത്രീയമാണെന്നും മസ്തിഷ്ക മരണം അംഗീകരിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമാണെന്നും വാദിച്ച് ഡോ. എസ്. ഗണപതി സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 1994 ലെ അവയവങ്ങളുടെയും ടിഷ്യൂകളുടെയും മാറ്റിവയ്ക്കൽ നിയമത്തിലെ (THOTA) സെക്ഷൻ 2(d) യുടെയും (e) യുടെയും ഭരണഘടനാ സാധുതയെയും അദ്ദേഹം ചോദ്യം ചെയ്തു.

ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് , ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, THOTA യുടെ സെക്ഷൻ 2(d) മസ്തിഷ്ക  മരണത്തെ നിർവചിക്കുന്നതായും സെക്ഷൻ 2 (e) മരണപ്പെട്ട വ്യക്തിയെ നിർവചിക്കുന്നതായും ചൂണ്ടിക്കാട്ടി.

‘മസ്തിഷ്ക മരണം എന്താണെന്ന് എന്ന് നിർവചിക്കുന്ന ഒരു തർക്കത്തിലേക്ക് കോടതിക്ക് ഇപ്പോൾ പ്രവേശിക്കാൻ കഴിയില്ല. മസ്തിഷ്ക മരണം എന്താണെന്ന് നിർവചിക്കാനുള്ള ഏക അധികാരം പാർലമെന്റിന് മാത്രമാണ്. ഇന്ത്യയിൽ മസ്തിഷ്ക മരണം ഒരു നിശ്ചിത മെഡിക്കൽ നടപടിക്രമത്തിലൂടെയാണ് അംഗീകരിക്കപ്പെടുന്നത്,’ കോടതി പറഞ്ഞു.

ഒരാളെ മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നതിന് പ്രത്യേക സമയപരിധിയൊന്നുമില്ലെന്ന് ഹരജിക്കാരൻ വാദിച്ചു. മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട നിരവധി പേർ ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടുണ്ടെന്നും ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ പ്രസവിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. ഒരു വ്യക്തിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് പറയുന്നത് വസ്തുതാപരമായും നിയമപരമായും തെറ്റാണെന്നും അദ്ദേഹം വാദിച്ചു.

മസ്തിഷ്ക മരണം സംഭവിച്ച രോഗികളുടെ ജീവൻ ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ നിലനിർത്തുന്ന സംഭവങ്ങൾ കോടതി അംഗീകരിച്ചു. എന്നാൽ അത് മസ്തിഷ്ക മരണം എന്ന ആശയത്തെ ഇല്ലാതാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

THOTA യിൽ പാർലമെന്റ് ബ്രെയിൻ സ്റ്റെം ഡെത്തിനെ നിർവചിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സെക്ഷൻ 2 (d) പ്രകാരം ബ്രെയിൻ സ്റ്റെം ഡെത്ത് എന്നത് തലച്ചോറിന്റെ എല്ലാ പ്രവർത്തനങ്ങളും സ്ഥിരമായും തിരിച്ചെടുക്കാനാവാത്ത വിധം നിലയ്ക്കുന്ന ഒരു ഘട്ടമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രെയിൻ ഡെത്ത് പ്രഖ്യാപിച്ചതിന് ശേഷം അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള നടപടിക്രമവും സെക്ഷൻ 3 ൽ നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

പാർലമെന്റ് THOTA വഴി മസ്തിഷ്ക മരണം അംഗീകരിച്ചിട്ടുള്ളതിനാൽ, അത് പുനഃപരിശോധിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മുസ്‌ലിം ഡോക്ടര്‍മാരും മുസ്‌ലിം ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രികളിലാണ് കൂടുതല്‍ മസ്തിഷ്‌ക മരണങ്ങള്‍ സംഭവിക്കുന്നതെന്ന് തുടങ്ങിയ നിരവധി വിവാദ പരാമര്‍ശങ്ങൾ ഡോ. ഗണപതി നടത്തിയിട്ടുണ്ട്.

Content Highlight: Kerala High Court Rejects Septuagenarian’s Plea Against ‘Brain Death’, Says Parliament Recognized It Through Definite Medical Procedure

We use cookies to give you the best possible experience. Learn more