| Monday, 5th December 2022, 6:29 pm

ജീവന് ഭീഷണിയെന്ന് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്; പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഏകീകൃത കുര്‍ബാനക്കെതിരെയും അനുകൂലിച്ചും സിറോ മലബാര്‍ സഭയില്‍ തര്‍ക്കം രൂക്ഷമായി തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഏകീകൃത കുര്‍ബാനച്ചൊല്ലല്‍ രീതിയെ എതിര്‍ക്കുന്ന വിമത വിഭാഗത്തില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

ഏകീകൃത കുര്‍ബാനക്കെതിരെ അതിരൂപത ആസ്ഥാനമായ കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയ്ക്ക് മുമ്പില്‍ രണ്ടാഴ്ചയായി ഉപരോധസമരം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ കുര്‍ബാന അര്‍പ്പിക്കാനെത്തിയ ആന്‍ഡ്രൂസ് താഴത്തിനെ സമരക്കാര്‍ തടഞ്ഞത് വലിയ പ്രശ്‌നങ്ങളുണ്ടാക്കിരുന്നു.

പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടാണ് ഇവര്‍ ബിഷപ്പിനെ തടഞ്ഞത്. ഇതിന് പിന്നാലെ ഏകീകൃത കുര്‍ബാനയെ പിന്തുണച്ച് ബിഷപ്പിനൊപ്പം നില്‍ക്കുന്ന വിശ്വാസികളുടെ വിഭാഗത്തില്‍ നിന്നുള്ളവര്‍ ആസ്ഥാനത്തേക്ക് കയറി ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തു.

പ്രദേശത്ത് ഇരു വിഭാഗക്കാരും തമ്മില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിന് പിന്നാലെ പൊലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. കുര്‍ബാന അര്‍പ്പിക്കാതെ ബിഷപ്പ് തിരിച്ചുപോകുകയും ചെയ്തിരുന്നു.

നേരത്തെ അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ട് ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പ്രാര്‍ത്ഥന പ്രതിഷേധങ്ങളും നിരോധിച്ചിരുന്നു. ഇവിടെ യോഗം ചേരണമെങ്കില്‍ അഡ്മിനിസ്‌ട്രേറ്ററുടെ അനുമതി തേടണമെന്നും സര്‍ക്കുലറിലുണ്ടായിരുന്നു.

എന്നാല്‍ ഏകീകൃത കുര്‍ബാനക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് വിമത വിഭാഗത്തിന്റെ തീരുമാനം.

സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും ഒരൊറ്റ രീതിയില്‍ തന്നെ കുര്‍ബാന അര്‍പ്പിക്കണം എന്ന് ബിഷപ്പുമാരുടെ സിനഡ് തീരുമാനിച്ചതാണ് ഇന്ന് നടക്കുന്ന തര്‍ക്കങ്ങളുടെ തുടക്കകാരണം. 2021 ഓഗസ്റ്റിലാണ് ഇങ്ങനെയൊരു നിര്‍ദേശം വരുന്നത്. സിനഡിന്റെ നിര്‍ദേശ പ്രകാരം, കുര്‍ബാനയുടെ ആദ്യ ഭാഗങ്ങളില്‍ മാത്രം വൈദീകന്‍ ജനങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുകയും പിന്നീടുള്ള ഭാഗത്തെല്ലാം തിരിഞ്ഞുനിന്ന് ദൈവീകരൂപങ്ങളെ അഭിമുഖീകരിച്ചും കുര്‍ബാന അര്‍പ്പിക്കണം.

സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ വിവിധ വിഭാഗങ്ങളിലും, പ്രാദേശികമായും കുര്‍ബാന ചൊല്ലുന്നതില്‍ ചില വ്യത്യാസങ്ങളുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും വൈദീകര്‍ വിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടാണ് കുര്‍ബാന ചൊല്ലുക. എന്നാല്‍ ചിലയിടങ്ങളില്‍ വിശ്വാസികളില്‍ നിന്നും മുഖം തിരിഞ്ഞ് ദൈവീകരൂപകങ്ങളെ മാത്രം അഭിമുഖീകരിച്ചുകൊണ്ട് കുര്‍ബാന അര്‍പ്പിക്കുന്ന രീതിയുണ്ട്. കുര്‍ബാനയുടെ ഭൂരിഭാഗം സമയവും വൈദീകന്‍ വിശ്വാസികള്‍ക്ക് നേരെ നില്‍ക്കുകയും ചില പ്രത്യേക സമയത്ത് പ്രാര്‍ത്ഥനകള്‍ ചൊല്ലാനായി തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നതാണ് മൂന്നാമത്തെ രീതി.

വത്തിക്കാനും മാര്‍പാപ്പയും കുര്‍ബാനയടക്കമുള്ള കാര്യങ്ങളില്‍ കത്തോലിക്കസഭയില്‍ ഒരു ഏകീകൃത രൂപം കൊണ്ടുവരണമെന്ന നിര്‍ദേശം 2021 ജൂലൈയില്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യത്യസ്ത രീതികള്‍ ഒഴിവാക്കി ദൈവീകരൂപങ്ങള്‍ക്ക് നേരെ തിരിഞ്ഞുകൊണ്ട് കുര്‍ബാന അര്‍പ്പിക്കണമെന്ന് സിനഡ് നിര്‍ദേശം നല്‍കുന്നത്.

കാലങ്ങളായി ഉയരുന്ന ആവശ്യമാണിതെന്നും കൊവിഡ് കാലത്ത് കുര്‍ബാന ചൊല്ലുന്നതുമായി ബന്ധപ്പെട്ട് പല രീതികള്‍ കെകൊള്ളേണ്ടി വന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതും പുതിയ തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, നിരവധി ബിഷപ്പുമാരുടെയും വൈദീകരുടെയും എതിര്‍പ്പ് പരിഗണിക്കാതെയാണ് സിനഡ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന ആക്ഷേപവും അന്ന് തന്നെ ഉയര്‍ന്നിരുന്നു.

ജനാഭിമുഖമായി നിന്നുകൊണ്ട് കുര്‍ബാന അര്‍പ്പിക്കുന്ന രീതി കാലങ്ങളായി തുടരുന്നതാണെന്നും അത് മാറ്റേണ്ടതില്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. മാത്രമല്ല വൈദീകരുമായോ വിശ്വാസികളുമായോ യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശികമായ സഭകളുടെ സ്വാതന്ത്ര്യത്തെയും വൈവിധ്യങ്ങളെയും അംഗീകരിച്ചുകൊണ്ടാണ് കത്തോലിക്ക സഭ നിലനില്‍ക്കുന്നതെന്നും അതിനെ കൂടിയാണ് സിനഡിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ വെല്ലുവിളിക്കുന്നതെന്നും വിമത വിഭാഗങ്ങള്‍ പറയുന്നു.

Content Highlight: Kerala High Court orders police protection for Bishop Andrews Thazhath

Latest Stories

We use cookies to give you the best possible experience. Learn more