| Wednesday, 3rd June 2026, 12:33 pm

ഫര്‍മാന് ജാമ്യം; മോണാലിസ മൈനറെന്ന് സ്ഥാപിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഗൂഢാലോചനയെന്ന് അഭിഭാഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ വച്ച് വിവാഹിതയായ മോണാലിസയെ തട്ടിക്കൊണ്ടുപോയതാണെന്നും വിവാഹം അസാധുവാണെന്നുമുള്ള പിതാവിന്റെ ആരോപണത്തെത്തുടര്‍ന്നുള്ള കേസില്‍ മോണാലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന് കേരള ഹൈക്കോടതി ട്രാന്‍സിറ്റ് ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്കാണ് ട്രാന്‍സിറ്റ് ജാമ്യം.

ഒരു മാസ കാലയളവില്‍ ഫര്‍മാനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. ഫര്‍മാന് മധ്യപ്രദേശ് ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

മോണാലിസയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് പൊലീസാണ് ഫര്‍മാനെതിരെ കേസെടുത്തത്. ഈ കേസില്‍ അറസ്റ്റിന് സാധ്യതയുള്ള സാഹചര്യത്തില്‍ മോണാലിസയും ഫര്‍മാനും കേരള ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കുകയായിരുന്നു. മോണലിസക്ക് പ്രായപൂര്‍ത്തിയായില്ല എന്ന ആരോപണത്തെയും ഹരജിയില്‍ അവര്‍ എതിര്‍ത്തിരുന്നു.

തങ്ങള്‍ മധ്യപ്രദേശിലെ കോടതിയെ സമീപിച്ചാല്‍ ഭീഷണി നേരിടുമെന്നതിനാലാണ് കേരള ഹൈക്കോടതിയെ സമീപിച്ചതെന്ന് മോണാലിസയും ഫര്‍മാനും വാദിച്ചിരുന്നു.

മോണാലിസക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്നും 2009 ഡിസംബര്‍ ഒമ്പതിനാണ് മോണാലിസയുടെ ജനനം എന്നും മധ്യപ്രദേശ് സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മോണാലിസയുടെയും ഫര്‍മാന്റെയും അഭിഭാഷകര്‍ ഈ വാദം നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്നത് മധ്യപ്രദേശ് ഭരണകൂടവും മൗലികവാദ സംഘടനകളും പ്രചരിപ്പിക്കുന്ന തെറ്റായ വാദമാണെന്നും ഹരജിക്കാര്‍ ഭാഗം അഭിഭാഷകര്‍ വാദിച്ചു.

വിവാഹ സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്ന് കാണിച്ച് മോണാലിസ ഈ വിഷയത്തിലെ ശരിയായ വസ്തുതകള്‍ പറഞ്ഞ് പ്രത്യേകം സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതായും ഹരജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. പ്രായം തെളിയിക്കാനായി തിരിച്ചറിയല്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമര്‍പ്പിച്ചതായും അവര്‍ വ്യക്തമാക്കി.

മോണാലിസക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് (മൈനര്‍) വരുത്തിത്തീര്‍ക്കാന്‍ മധ്യപ്രദേശ് സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൊത്തം ഗൂഢാലോചന നടത്തുന്നതായും ഹരജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു. പരാതിക്കാരിയുടെ അനുജന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തി അത് മോണാലിസയുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും അവര്‍ വാദിച്ചു.

കുംഭമേളയിലൂടെയാണ് മൊണാലിസ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. പിന്നാലെ ഉദ്ഘാടന ചടങ്ങുകള്‍ക്കും മറ്റുമായി അവര്‍ കേരളത്തില്‍ എത്തിയിരുന്നു.

പിന്നീട് ഈ വര്‍ഷം മാര്‍ച്ചില്‍ പങ്കാളിക്കൊപ്പം തിരുവനന്തപുരത്തെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ ശേഷമായിരുന്നു മൊണാലിസയുടെ വിവാഹം. തിരുവനന്തപുരം അരുമാനൂര്‍ ശ്രീ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് മൊണാലിസയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.

പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് മൊണാലിസ കേരളത്തില്‍ അഭയം തേടിയത്. ഫര്‍മാന്‍ ഇതരമതസ്ഥനായതിനാല്‍ കുടുംബം ബന്ധത്തെ എതിര്‍ക്കുകയായിരുന്നു.

Content Highlight: Kerala High Court grants Kumbh Mela fame Monalisa Bhosle’s husband Farmaan Khan transit anticipatory bail

We use cookies to give you the best possible experience. Learn more