| Friday, 13th February 2026, 5:16 pm

ഏത് കേസാണ് സി.ബി.ഐ ശരിയായി അന്വേഷിച്ചിട്ടുള്ളത്; രാജീവ് ചന്ദ്രശേഖറിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

മുഹമ്മദ് നബീല്‍

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവർ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

സി.ബി.ഐ ഏത് കേസാണ് ശരിയായി അന്വേഷിച്ചിട്ടുള്ളതെന്ന് ചോദിച്ച കോടതി, സി.ബി.ഐ വിജയകരമായി പൂർത്തീകരിച്ച അഞ്ച് കേസുകളുടെ വിവരങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു.

ശബരിമല സ്വർണ കൊള്ള കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ച സാഹചര്യത്തിൽ നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന തൃപ്തികരമല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.

എന്നാൽ എസ്.ഐ.ടി അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാണെന്നും അതിന്റെ പുരോഗതിയിൽ തൃപ്തിയുണ്ടെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

എന്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം എസ്.ഐ.ടിയെക്കാൾ മികച്ചതാണെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു.

തിരുവിതാംകൂർ – കൊച്ചി മതസ്ഥാപന നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് ഹരജിക്കാർക്ക് ധാരണയുണ്ടോ എന്നും കോടതി ചോദിച്ചു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ ഹരജികളും ഒരുമിച്ച് പരിഗണിക്കാനാണ് ഹൈക്കോടതി തീരുമാനം. ഹരജികളിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചതിനുശേഷം വാദം കേൾക്കും.

കഴിഞ്ഞ ദിവസമായിരുന്നു കട്ടിളപ്പളി കേസിലെ മൂന്നാം പ്രതി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.

Content Highlight: Kerala High court crticized Rajeev  Chandra Shekhar

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more