| Saturday, 16th May 2026, 12:45 pm

ലിംഗപദവി എന്തായാലും പ്രത്യുല്‍പാദന അവകാശമുണ്ട്; അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ ട്രാന്‍സ്മാന് കോടതി അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ ട്രാന്‍സ്മാന് അനുകൂല വിധിയുമായി കേരള ഹൈക്കോടതി. അണ്ഡം ശീതീകരിച്ച്  സൂക്ഷിക്കുന്നതിനായി ഒരു അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (എ.ആര്‍.ടി) ബാങ്കിനെ സമിപിക്കാന്‍ 28 വയസ്സുള്ള ട്രാന്‍സ്മാന് കോടതി അനുമതി നല്‍കി.

ഹരജിക്കാരന് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാനായി ഏത് എ.ആര്‍.ടി ബാങ്കിനെയും സമീപിക്കാന്‍ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ബഞ്ച് അനുമതി നല്‍കി. ഈ എ.ആര്‍.ടി ബാങ്ക് ഹരജിക്കാരന് ഭാവിയില്‍ പ്രത്യുല്‍പ്പാദനനത്തിന് സാധിക്കുന്ന തരത്തില്‍ തന്റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കണമെന്നും കോടതി നിരീക്ഷിച്ചു.

ലിംഗപദവി ഏതായാലും വ്യക്തിയുടെ പ്രത്യുല്‍പ്പാദനത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം പ്രത്യുല്‍പ്പാദന അവകാശം അന്തസ്സോടെ ജീവി ക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

തന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ ഒരു സ്വകാര്യ ആശുപത്രി വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിയായ ട്രാന്‍സ്മാന്‍ കോടതിയെ സമീപിച്ചത്. 2021ലെ അസിസ്റ്റഡ് റീപ്രൊഡക്ടറി ടെക്‌നോളജി റെഗുലേഷന്‍ ആക്ടിന്റെ ചട്ടക്കൂടിന് പുറത്താണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെന്ന വാദമുയര്‍ത്തിയായിരുന്നു ആശുപത്രി ഇക്കാര്യത്തിന് വിസമ്മതിച്ചത്. 2021ലെ നിയമത്തിന്റെ 21-ാം വകുപ്പില്‍ 21 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കും 21 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കും മാത്രമാണ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ക്ലിനിക്കുകളെ ആശ്രയിക്കാനാവുക.

എന്നാല്‍ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാനുള്ള അനുമതി തടയുന്നത് ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പ് നല്‍കുന്ന പുനരുല്‍പാദനത്തിനുള്ള അവകാശം നിഷേധിക്കലാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യ സഹായം തേടാനുള്ള ഭരണഘടനാപരമായ അവകാശത്തെയും 2019ലെ ട്രാന്‍ജെന്‍ഡര്‍ വ്യക്തികളുടെ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളെയും ആശുപത്രിയുടെ നടപടി നിഷേധിക്കുന്നു. 2020ലെ ട്രാന്‍ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം ഇത്തരം വിവേചനങ്ങള്‍ തടയുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ദമ്പതികളെയും ഒറ്റയ്ക്കുള്ള സ്ത്രീകളെയും മാത്രമാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഗര്‍ഭധാരണങ്ങള്‍ക്ക് അനുവദിക്കുന്നുള്ളൂ എന്നാണ് എതിര്‍ സത്യവാങ്മൂലത്തില്‍ ആശുപത്രി അധികൃതര്‍ വാദിച്ചത്. ഇത് വിവാഹിതരല്ലാത്ത പുരുഷന്‍മാരെയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെയും ഇത്തരം മാര്‍ഗങ്ങളില്‍ നിന്നും തടയുന്നതായും ആശുപത്രി അധികൃതരുടെ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഹരജിക്കാരന്‍ തന്റെ ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയാല്‍ അണ്ഡം ഉപയോഗിക്കാന്‍ വാടക ഗര്‍ഭപാത്രത്തിനായി മറ്റൊരാളെ കണ്ടെത്തേണ്ടി വരും. വാടകഗര്‍ഭധാരണവുമായി ബന്ധപ്പെട്ട നിയമത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അനുവദിക്കുന്നില്ലെന്നും ആശുപത്രിയുടെ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിരുന്നു.

Content Highlight: Kerala High Court allows transgender man to preserve his eggs

We use cookies to give you the best possible experience. Learn more