| Thursday, 22nd August 2019, 2:38 pm

സുപ്രീംകോടതിയില്‍ ജാമ്യം തേടി പോയ മുന്‍ കേന്ദ്രമന്ത്രി പോലും അറസ്റ്റിലായി; എന്നിട്ടും ഇവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല; പി.എസ്.സി തട്ടിപ്പില്‍ പൊലീസിനെതിരെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പി.എസ്.സി തട്ടിപ്പ് കേസില്‍ പൊലീസിനെയും പി.എസ്.സിയേയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഉന്നത ബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും കിട്ടുന്ന സ്ഥിതിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പി.എസ്.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും ഹാളില്‍ മൊബൈല്‍ അനുവദനീയമാണോയെന്നും ഹൈക്കോടതി ചോദ്യമുന്നയിച്ചു.

ഇങ്ങനെയാണോ പരീക്ഷ നടത്തേണ്ടത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികള്‍ക്ക് പി.എസ്.സി പരീക്ഷ സമയത്ത് ഉത്തരങ്ങള്‍ മൊബൈല്‍ വഴി അയച്ചുകൊടുത്ത സഫീറിന്റെയും കുത്തുകേസിലെ മൂന്നാം പ്രതി അമറിന്റയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസിലെ നാലാം പ്രതിയായ സഫീറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.

യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പിലും ഉള്‍പ്പെട്ട മുന്‍ എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റു ചെയ്യാത്തതില്‍ ആയിരുന്നു പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയത്.

മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കാരനാണെങ്കില്‍ ഇങ്ങനെയാണോ പൊലീസ് നടപടിയെടുക്കുകയെന്നും സഫീറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സുപ്രീംകോടതിയില്‍പ്പോയ മുന്‍ കേന്ദ്രമന്ത്രി പോലും അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് മടിക്കുന്നതെന്തിന്?’പ്രതികളുടെ ഉന്നത സ്വാധീനമാണോ അറസ്റ്റ് ഒഴിവാകാന്‍ കാരണമെന്നും ജസ്റ്റീസ് സുധീന്ദ്രകുമാര്‍ ചോദിച്ചു.

കുറ്റത്തിന്റെ ഗൗരവമാണ്, അല്ലാതെ സാങ്കേതികത്വമല്ല കണക്കിലെടുക്കേണ്ടത്. മൂന്നാം പ്രതി അമറിനെ സമൂഹത്തില്‍ തുറന്നു വിടുന്നത് ആപത്താണെന്നും സഹപാഠിയെ കുത്തിയ കേസിലെ പ്രതിയെ എന്തുകൊണ്ടാണ് ഇനിയും അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more